തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. അഭിമുഖത്തിനിടെ മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തിൽ നൽകിയെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പലകോണിൽ നിന്ന് ഉയർന്നത്.
ഒരു ദേശമോ പ്രദേശമോ അഭിമുഖത്തിൽ ദേശവിരുദ്ധമെന്ന് രീതിയിൽ പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എഡിറ്റർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ഡൽഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി പത്രത്തിന് അഭിമുഖം നൽകിയത്. മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണെന്നും രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഈ പണം കേരളത്തിൽ എത്തുന്നുണ്ടെന്നുമാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്.
എന്നാൽ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത് പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ ഇല്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. ആർഎസ്എസിനെതിരെയും ഹിന്ദുത്വ ശക്തികൾക്കെതിരെയും നിലപാടുകൾ സ്വീകരിച്ചിട്ടുള്ളവരാണ് സിപിഎമ്മെന്നും കത്തിൽ പറയുന്നു.
മുഖ്യമന്ത്രി ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ മറ്റ് പരാമർശങ്ങൾ
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്..
‘ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം എന്നും ആർഎസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളിൽ പലർക്കും അവർക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കള്ളക്കഥകൾ ആർക്കും വിശ്വസിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങൾ നാം മനസിലാക്കണം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്.
ഏറെക്കാലമായി ഈ സമുദായങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ അത് മാറി. ന്യൂനപക്ഷം ഇപ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പിൽ ഞങ്ങളെ ബാധിക്കുമെന്ന് അറിയാവുന്ന യുഡിഎഫ് ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഇതൊക്കെ. ആർഎസ്എസിനോട് ഞങ്ങൾ മൃദുസമീപനം പുലർത്തുന്നു എന്ന വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഈ പ്രചരണം. വർഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ സർക്കാർ മുസ്ലീം തീവ്രവാദ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ, ഞങ്ങൾ മുസ്ലിങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ ശക്തികൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു’
Source link