മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതിനൽകിയത്; വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ഹിന്ദു പത്രം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ദ ഹിന്ദു പത്രം. മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുള്ള ഭാഗം പിആർ ഏജൻസി എഴുതി നൽകിയതാണെന്ന് പത്രം ഔദ്യോഗികമായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം പരാമർശം മുൻപ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണെന്ന് പിആർ ഏജൻസി പ്രതിനിധി പറഞ്ഞു. മാദ്ധ്യമ ധാർമ്മിതയ്ക്ക് നിരക്കാത്തതിനാൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഹിന്ദു പത്രം വ്യക്തമാക്കി.

പരാമർശം വിവാദമായതിന് പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് ഹിന്ദുവിന്റെ പ്രതികരണം. അഭിമുഖത്തിനിടെ മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തിൽ നൽകിയെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പലകോണിൽ നിന്ന് ഉയർന്നത്.

ഒരു ദേശമോ പ്രദേശമോ അഭിമുഖത്തിൽ ദേശവിരുദ്ധമെന്ന് രീതിയിൽ പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എഡിറ്റർക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഡൽഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണെന്നും രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഈ പണം കേരളത്തിൽ എത്തുന്നുണ്ടെന്നുമാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്.


Source link
Exit mobile version