KERALAM

എ.ടി.എം കവർച്ച : അന്വേഷണം മൂന്നിടങ്ങളിലെ എസ്.എച്ച്.ഒമാർക്ക്

കൃഷ്ണകുമാർ ആമലത്ത് | Tuesday 01 October, 2024 | 1:37 AM

തൃശൂർ: തൃശൂരിലെ മൂന്നിടങ്ങളിൽ എ.ടി.എം കവർന്ന കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കില്ലെന്നും മൂന്ന് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലാകും അന്വേഷണമെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. മാപ്രാണത്ത് നടന്ന കവർച്ചയുടെ അന്വേഷണം ഇരിങ്ങാലക്കുട, തൃശൂർ ഷൊർണൂർ റോഡിലെ ഈസ്റ്റ്, കോലഴിയിലേത് വിയ്യൂർ പൊലീസ് എന്നിങ്ങനെയാകും അന്വേഷിക്കുക.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. കവർച്ച നടത്തിയ പ്രതികൾ പ്രായോഗിക പരിശീലനം നേടിയവരാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടർ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയം. 10 മിനിറ്റിൽ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയാണ് പ്രയോഗിച്ചത്.

എല്ലാ എ.ടി.എമ്മുകളും ഒരുപോലെയല്ല

ചില എ.ടി.എമ്മുകളുടെ അകത്തും പുറത്തുമായി രണ്ട് പാളികളിലായിട്ടായിരിക്കും ക്യാഷ് ട്രേയുണ്ടാകുക. ചില കമ്പനികളുടെ യന്ത്രങ്ങളിൽ ലോഹപാളിക്ക് പുറമേ ഇരുമ്പുകമ്പി പാകിയ കോൺക്രീറ്റ് പാളി കൂടിയുണ്ടാകും. ഇത്തരം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപേയോഗിച്ച് തകർക്കാനാകില്ല. ഇതെല്ലാം കൃത്യമായി മനസിലാക്കി, ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്. അതുകൊണ്ട് പിടിയിലായവർക്ക് പുറമേ മറ്റുള്ളവർക്ക് കൂടി ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യ എജൻസികളാണ് പണം നിറയ്ക്കുന്നത്.

എ.ടി.എം തകർക്കുന്ന സമയത്ത് എസ്.ബി.ഐ കൺട്രോൾ റൂമിലേക്ക് സന്ദേശം പോയെന്നാണ് പൊലീസ് പറയുന്നത്. എ.ടി.എം മെഷീനുകളിൽ ഹീറ്റ് സെൻസർ ഉള്ളതിനാൽ ഗ്യാസ് കട്ടറിന്റെ ചൂട് തട്ടിയാൽ അലാറം മുഴങ്ങും. സെൻസർ ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ തത്സമയം മോഷണ വിവരം പുറത്തറിയും. ഇങ്ങനെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നാണ് സൂചന. എന്നാൽ മാപ്രാണത്തും കോലഴിയിലും 20 മിനിറ്റ് കഴിഞ്ഞപ്പോൾ അലാം വന്നപ്പോൾ തൃശൂരിൽ ഒരു മണിക്കൂറിനടുത്തായപ്പോഴാണ് അലാം ലഭിച്ചത്. ഇത് ഈ സംവിധാനത്തിലെ പാകപ്പിഴ വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.


Source link

Related Articles

Back to top button