KERALAM

എസ്.എ.ടി ഇരുട്ടിലായതിൽ ഗുരുതരവീഴ്ച (ഡെക്ക്) മുൻകരുതലില്ലാതെ അറ്റകുറ്റപ്പണി, പകരം ജനറേറ്റർ കരുതിയില്ല

വീഴ്ച പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റേതെന്ന് പ്രാഥമിക കണ്ടത്തൽ.

അന്വേഷണം തുടങ്ങി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗം പരിശോധിച്ചു.

തിരുവനന്തപുരം: രാജ്യത്തെ മുൻനിര ആതുരാലയങ്ങളിൽ ഇടംപടിക്കുന്ന, ആയിരക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയമായ തലസ്ഥാനത്തെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ (എസ്.എ.ടി) പഴയ ബ്ലോക്ക് മൂന്നു മണിക്കൂർ ഇരുട്ടിലായതിന് കാരണം മുന്നൊരുക്കമില്ലാതെയുള്ള അറ്റകുറ്റപ്പണി. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഇന്നലെ എസ്.എ.ടിയിലെ ട്രാൻസ്ഫോമറുകൾ, ജനററേറ്ററുകൾ എന്നിവ വിശദമായി പരിശോധിച്ചു. ഇൻസ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി, ഡി.എം.ഇ എന്നിവയുടെ പ്രാഥമിക അന്വേഷണത്തിൽ അപ്രതീക്ഷിത സാഹചര്യം മുന്നിൽക്കണ്ട് പകരം സംവിധാനം ഒരുക്കാത്തത് വീഴ്ചയാണെന്ന വിലയിരുത്തലാണുണ്ടായത്.

പകരം ജനറേറ്റർ എത്തിച്ചില്ല

ട്രാൻസ്‌ഫോമർ ഓഫാക്കി കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി നടത്തുമ്പോൾ ആശുപത്രിയിൽ നിലവിലെ ജനറേറ്ററുകൾക്ക് പുറമേ അടിയന്തര സാഹചര്യം നേരിടാൻ പുറത്തുനിന്ന് ജനറേറ്റർ (പവർ യൂണിറ്റ്) എത്തിക്കേണ്ടതുണ്ട്. ജോലി നീണ്ടുപോകുകയോ നിലവിലെ ജനറേറ്റർ തകരാറിലാകുകയോ ചെയ്യുമ്പോൾ ഉപയോഗിക്കാനാണിത്. എന്നാൽ ഞായറാഴ്ച എസ്.എ.ടിയിൽ ഇത്തരം മുൻകരുതലുണ്ടായില്ല. എസ്.എ.ടി സബ്സ്റ്റേഷന്റെ ചുമതലയുള്ള അസി.എക്സിക്യുട്ടീവ് എൻജിനിയർ, അസി.എൻജിനിയർ, ഓവർസിയർ എന്നിവർക്കാണ് മുൻകരുതൽ കൈക്കൊള്ളേണ്ട ചുമതല. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ ഇവർ മറുപടി നൽകേണ്ടിവരുമെന്നാണ് വിവരം.

പവർ യൂണിറ്റിലും ജനറേറ്ററിലുമുണ്ടായ അപ്രതീക്ഷിത തകരാറുകൾ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മറുപടി. വൈകിട്ട് ആറോടെ വൈദ്യുതി തടസപ്പെട്ടെങ്കിലും രാത്രി എട്ടോടെയാണ് പകരം ജനറേറ്റർ അന്വേഷിച്ച് പവർ യൂണിറ്റുകളിലേക്ക് ഇലക്ട്രിക്കൽ വിഭാഗം അധികൃതരുടെ വിളിയെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ ട്രാൻസ്‌ഫോമർ ഓഫ് ചെയ്യുമെന്ന് കാട്ടി 27ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അസി.എക്‌സിക്യുട്ടീവ് എൻജിനിയർക്ക് കെ.എസ്.ഇ.ബി കത്ത് നൽകിയിരുന്നു.

രണ്ടുവട്ടം മാറ്റിവച്ച അറ്റകുറ്റപ്പണി

എസ്.എ.ടിയിലെ റിംഗ് മെയിൻ യൂണിറ്റിൽ (ആർ.എം.യു) കൃത്യമായ ഇടവേളകളിൽ കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി നടത്താറുണ്ട്. ഇക്കുറി രണ്ടുവട്ടം അറ്റകുറ്റപ്പണിക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകിയെങ്കിലും ആശുപത്രിയിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡി ഇല്ക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് നീട്ടിവച്ചു. ഓണത്തിനുശേഷം നടത്താമെന്നായിരുന്നു നിലപാട്. കഴിഞ്ഞയാഴ്ച നേരിയ വൈദ്യുതി തടസം ആശുപത്രിയിലുണ്ടായി. ഇതോടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. തുടർന്നാണ് തിരക്കൊഴിഞ്ഞ ഞായറാഴ്ച അറ്റക്കുറ്റപ്പണിക്കായി തിരഞ്ഞെടുത്തത്.


Source link

Related Articles

Back to top button