KERALAMLATEST NEWS

പീഡന പരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗുഢാലോചനാ ആരോപണത്തിൽ മൊഴി രേഖപ്പെടുത്തി

കൊച്ചി: ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിനെ ചോദ്യം ചെയ്തത്. പരാതിക്ക് പിന്നിൽ ഗുഢാലോചനയുണ്ടെന്ന പരാതിയിൽ നടന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

2023 ഡിസംബർ 14,​15 തീയതികളിൽ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിയായ യുവതിയെ തൃശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടൽ മുറിയിൽ വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് പരാതിയിൽ പറയുന്നത്. മൊബെെൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.

എന്നാൽ യുവതി പീഡനം ആരോപിച്ച ദിവസങ്ങളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു. പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പിന്നാലെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രംഗത്തെത്തി. പരാതിക്കാരി പറയുന്ന ദിവസം കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പാർവതി പങ്കുവച്ചിരുന്നു.


Source link

Related Articles

Check Also
Close
Back to top button