സിനിമയിൽ നേരിട്ട അവഗണനകൾ തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. ചലച്ചിത്രരംഗത്ത് തുടക്കകാലത്ത് വസ്ത്രം മാറാനോ ബാത്‌റൂമിൽ പോകാനോ സൗകര്യം കിട്ടിയിരുന്നില്ല എന്ന് സുരഭി ലക്ഷ്മി പറയുന്നു. ഒരിക്കൽ ഒരു ദിവസം മുഴുവൻ മഴ നനഞ്ഞ് ഒടുവിൽ വസ്ത്രം മാറാൻ കാരവനില്‍ കയറിയപ്പോൾ ഡ്രൈവറില്‍ നിന്നു കണ്ണുപൊട്ടെ തെറി കേട്ടിട്ടുണ്ട്. അന്ന് കണ്ണിൽ നിന്ന് കണ്ണുനീരിനു പകരം ചോര പൊടിഞ്ഞപ്പോൾ എന്നെങ്കിലും നമ്മുടെ അവസ്ഥയും മെച്ചപ്പെടുമെന്ന പ്രത്യാശയായിരുന്നു എന്ന് സുരഭി പറയുന്നു. ഒരു ദിവസം മുഴുവൻ പണിയെടുത്ത് കഷ്ടപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടർമാർ തിരിച്ചു പോകാൻ പണമില്ലാതെ വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. എല്ലാ സിനിമകളിലും ഒരേ അനുഭവമല്ലെന്നും ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നത് സിനിമയിലെ സിസ്റ്റത്തെ നവീകരിക്കാനായിരിക്കണം അല്ലാതെ അനാവശ്യ ചർച്ചകളിൽ തനിക്ക് താല്പര്യമില്ലെന്നും സുരഭി ലക്ഷ്മി പറയുന്നു.
‘‘ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതുമുതൽ മലയാള സിനിമയിൽ ഒരുപാട് ചർച്ചകൾ വരുന്നുണ്ട്. ഞാൻ ഈ റിപ്പോർട്ടിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. എല്ലാ ജോലികളും പോലെയുള്ള ഒരു ജോലി സ്ഥലം അല്ല സിനിമ. ഓരോ സിനിമയ്ക്കും ഓരോ തലങ്ങളാണ്. ഒരു ഓഫിസ് പോലെ ജോലി ചെയ്യുന്ന ഒരിടം അല്ല. അതുകൊണ്ടു ഒരു ഒരു ഓഫിസിൽ ചെയ്യുന്നതുപോലെ എല്ലാ സിനിമയുടെ എല്ലാ തലങ്ങളിലും സിസ്റ്റം കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്. മാധ്യമങ്ങളിലെല്ലാം ചർച്ച ചെയ്ത കാര്യങ്ങൾ മാത്രമല്ല പറയുന്നത് അത് അല്ലാത്ത കാര്യം കൂടിയാണ്.
2005 മുതൽ 2025 വരെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു വന്ന് ഒരു ഇരുപതു വർഷത്തിനടുത്തായി സിനിമയിൽ. അന്നൊക്കെ ജൂനിയർ ആർടിസ്റ്റിനു കാരവൻ ഒന്നും ഇല്ല. അന്നൊക്കെ തുണി മറച്ചിട്ടും അല്ലെങ്കിൽ വസ്ത്രാലങ്കാരം ചെയ്യുന്ന ചേട്ടന്മാരെ വിശ്വസിച്ച് ഇവിടെ ആരും ഇല്ല നിങ്ങൾ മാറ്റിക്കോ എന്ന് പറയുന്ന വിശ്വാസത്തിന്റെ പേരിലാണ് ഞങ്ങളൊക്കെ വസ്ത്രം മാറിയിരുന്നത്. ചിലപ്പോഴൊക്കെ റൂമിൽ എത്തിയിട്ട് ബാത്‌റൂമിൽ പോകാം എന്ന് കരുതും. എസി ഉണ്ടെങ്കിലും അതിന്റെ റിമോട്ട് ഉണ്ടാകില്ല, അതിൽ ചിലപ്പോ 200, 300, രൂപയായിരിക്കും അവർക്ക് ലാഭം കിട്ടുക, കൃത്യമായി വണ്ടികൾ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. കാരവൻ ഒക്കെ സെറ്റിൽ വന്നു തുടങ്ങിയപ്പോ അതിനുള്ളിൽ എങ്ങനെയിരിക്കും എന്ന് എത്തിനോക്കാൻ പോലും പറ്റില്ലായിരുന്നു.
ഒരിക്കൽ സെറ്റിൽ മഴ ആയിട്ട് രാവിലെ മുതൽ വൈകിട്ടുവരെ മഴ നനഞ്ഞിരുന്നിട്ട്, ഡ്രസ് മാറാൻ മറ്റു നിവർത്തിയില്ലാതെ കാരവാനിൽ കയറി ഡ്രസ്സ് മാറിയപ്പോൾ അതിലെ ഡ്രൈവറിൽ നിന്ന് കണ്ണുപൊട്ടെ ചീത്ത കേട്ടിട്ടുണ്ട്. ആ ഡ്രൈവർ ഇപ്പോൾ കാരവൻ ഓടിക്കുന്നുണ്ടോ എന്ന് അറിയില്ല. സ്ത്രീകളെ സംബന്ധിച്ച് പീരീഡ്സ് ആകുന്ന ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമല്ലോ. അപ്പോൾ എന്നെങ്കിലുമൊക്കെ നമുക്കും എല്ലാവരെയും പോലെ സൗകര്യങ്ങൾ കിട്ടും എന്ന് കരുതിയിട്ടുണ്ട്. രാവിലെ അഞ്ചുമണിക്ക് ഒക്കെ റെഡി ആയി വന്നിട്ട് വൈകിട്ട് തിരിച്ചു ചെല്ലുമ്പോ മാത്രം ബാത്ത്‌റൂമിൽ പോയിട്ടുണ്ട്. നമുക്ക് മാത്രമല്ല അസ്സിസ്റ്റന്റ്റ് ഡയറക്ടർമാർ തുടങ്ങി ഒരുപാട് ജോലി ചെയ്യുന്നവർക്കും ഇതുപോലെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്.
ഒരു അവസരം കൊടുത്തത് എന്തോ ഔദാര്യം പോലെ അവരോടു പെരുമാറുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. തിരിച്ചു പോകാൻ കാശില്ലാതെ നിങ്ങളുടെ വണ്ടിയിൽ വരട്ടെ എന്ന് ചോദിച്ചവരുണ്ട്, അവർ തിരിച്ചു പോകുമ്പോ പരാതിയൊന്നും ഇല്ല നമുക്ക് ഇതൊരു അവസരം ആണല്ലോ എന്നാണ് പറയുക. സത്യം പറഞ്ഞാൽ അയാൾ സെറ്റിൽ ഇല്ലെങ്കിൽ ഷോട്ട് എടുക്കുമ്പോ നൂറുപേര് ഇടക്ക് കയറി വരും, ഇതൊക്കെ നോക്കുന്നത് ഒരു ചെറിയ ജോലി അല്ല. ഇവിടെ നിന്ന് പോയാലും അവർക്ക് പണി ആണ്. ഇതെല്ലാം രാവും പകലും ചെയ്തിട്ട് തിരിച്ചു പോകാൻ പൈസ ഇല്ലാതെ നമ്മൾ കൊണ്ടുപോയിട്ടുണ്ട്.
അപ്പോഴൊക്കെ നമുക്ക് ഭയങ്കര വിഷമം തോന്നും. നമുക്ക് തന്നെ വേതനത്തിന്റെ കാര്യത്തിൽ വിഷമം തോന്നും, ചോദിച്ചാലും തരാതെ പറഞ്ഞു പറഞ്ഞ് തർക്കിക്കുന്നത് കാണുമ്പോ നമുക്ക് തോന്നും ഇത്ര ദാരിദ്ര്യം ഒക്കെ പറഞ്ഞ് എന്തിനാണ് ദൈവമേ ഇവർ ഈ പടം എടുക്കുന്നതെന്ന്. കോടികൾ ഒന്നും അല്ല ചോദിക്കുന്നത് വളരെ ചെറിയ പൈസ ആണ് കിട്ടുന്നത് അത് കിട്ടണമെങ്കിൽ പലരെയും വിളിച്ച് ചോദിച്ച് ഒടുവിൽ ഇതിൽ ഉറപ്പിക്കാം എന്ന് പറഞ്ഞ് ഒരു ചന്തയിൽ വില പേശുന്നതുപോലെ പറഞ്ഞ് ഉറപ്പിച്ചിട്ട് ഡബ്ബിങ് കഴിയുമ്പോ പ്രതിഫലം കിട്ടുമ്പോ അതിന്റെ പകുതി ആയിരിക്കും ഉണ്ടാവുക. പിന്നെ നമ്മൾ പണി എടുത്ത പൈസ വാങ്ങാൻ ഇരന്ന് ചോദിച്ച് പിന്നാലെ നടക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ കയ്യിൽ നിന്ന് എഗ്രിമെന്റ് വാങ്ങിയാലും അതിന്റെ കോപ്പി തരില്ല.
ഇതൊന്നും എല്ലാ സിനിമകളുടെയും കാര്യമല്ല പറയുന്നത്. പല രീതിയിൽ ആണ് പലരും പ്രവർത്തിക്കുന്നത്. പത്തുപേര് ചേർന്ന് പൈസ ഇട്ടു നിർമ്മിച്ച സിനിമയിലും, ഒരു കമ്പനി നിർമ്മിച്ച സിനിമയിലും ഒരു പ്രൊഡ്യൂസർ തനിയെ നിർമിച്ച സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സിസ്റ്റം വേറെ വേറെ ആണ്. ഇതിനെയെല്ലാം ഒരുപോലെ നിർത്തുന്ന ഒരു സിസ്റ്റം വരണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഈ ചർച്ചകൾ വേറെ രീതിയിൽ പോയിട്ട് സിനിമാ മേഖലയെ തന്നെ വളരെ മോശമായി ബാധിക്കുന്ന രീതിയിലുള്ള ചർച്ചകളോട് എനിക്ക് പൂർണമായി എതിർപ്പുണ്ട്. ഞാൻ ഹേമ കമ്മറ്റി റിപ്പോർട്ട് പൂർണമായി വായിച്ചിട്ടില്ല, ഈ റിപ്പോർട്ടിൽ ഒന്നും സംസാരിച്ചിട്ടുള്ള ആളുമല്ല. ഞാൻ പറഞ്ഞതെല്ലാം എന്റെ വ്യക്തിപരമായ അനുഭവങ്ങളാണ്. ഞാൻ അനുഭവിച്ചത് മാത്രമേ എനിക്ക് പറയാൻ പറ്റൂ.’’–സുരഭി ലക്ഷ്മി പറയുന്നു.
അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രം ഇറങ്ങിയതിന് പിന്നാലെ സുരഭിയുടെ അഭിനയ മികവ് ചര്‍ച്ചയാവുകയാണ്. ടൊവിനോ അവതരിപ്പിച്ച മണിയൻ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ മാണിക്യമായാണ് ‘എആർഎമ്മി’ല്‍ സുരഭി ലക്ഷ്മി എത്തിയത്. അപമാനത്തിൽ നിന്നുയർന്നുവന്ന കൊടുങ്കാറ്റ് ഉള്ളിൽ സൂക്ഷിക്കുന്ന മാണിക്യത്തിന് നായികമാരിൽ അല്പം പ്രാധാന്യം കൂടുതലുണ്ട്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം. കുടുംബാംഗങ്ങൾ പോലും പിൽക്കാലത്ത് മണിയനെ തള്ളിപ്പറയുമ്പോൾ, അയാളുടെ പിൻതലമുറയിൽ ജനിച്ചുവെന്ന അപമാനം പേറുന്ന മാണിക്യം മാത്രമാണ് അയാളെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നത്. മാണിക്യത്തെ സുരഭി ലക്ഷ്മി അവിസ്മരണീയമാക്കി.
Source link