മലയാള മനോരമ നടത്തിയ വന്ദനം ക്ലൈമാക്സ് മത്സരത്തിലെ വിജയ് ആയി ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു രവീന്ദ്രൻ. വിജയിയെ കണ്ടെത്തിയത് സിനിമയുടെ സംവിധായകൻ പ്രിയദർശൻ.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്ലൈമാക്സ് താഴെ കൊടുക്കുന്നു:
പൊലീസ് തടങ്കലിൽനിന്ന് രക്ഷപ്പെട്ട ശേഷം എല്ലാം ഒന്നു ശാന്തമാകുന്നതു വരെ തൽക്കാലം ബെംഗളൂരുവിൽനിന്ന് മാറിനിൽക്കാൻ ഉണ്ണിയും ഗാഥയും തീരുമാനിച്ചു. ഒന്നിച്ചു നിൽക്കുന്നതു സുരക്ഷിതമല്ലാത്തതിനാൽ ഗാഥ തന്റെ സുഹൃത്തിന്റെ വീട്ടിൽ നിൽക്കാമെന്നും രാവിലെ ഒന്നിച്ച് എയർപോർട്ടിലേക്കു പോകാമെന്നും പറഞ്ഞു പിരിയുന്നതിനു മുൻപായി ഗാഥയ്ക്കു ഒരു കവർ നൽകി ഉണ്ണി പറഞ്ഞു.
ഉണ്ണി : ‘ഇതിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. ഒരു കാരണവശാലും ഗാഥ എന്നെ വിളിക്കാൻ ശ്രമിക്കരുത്. എന്റെ കോൾ വരാതെ ഇറങ്ങുകയും ചെയ്യരുത്. തീർച്ചയായും ഞാൻ വിളിക്കും’.
അവളും കൂടുതലൊന്നും ചോദിച്ചില്ല. അൽപനേരം ഉണ്ണിയെ കെട്ടിപ്പിടിച്ചിരുന്നു അവന്റെ ചുണ്ടിൽ ഒരു ചുംബനം നൽകിയ ശേഷം കാറിൽനിന്നിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞു. ഉണ്ണി തന്റെ ഫോണെടുത്ത് പീറ്റർ കളീക്കയെ വിളിച്ചു.
പിറ്റേന്നു രാവിലെ ഉണ്ണി കണികണ്ടതു കമ്മിഷണറെ ആയിരുന്നു. വിജയഭാവത്തിൽ ചിരിച്ചുകൊണ്ട് പുച്ഛത്തിൽ അയാൾ ഉണ്ണിയോടു പറഞ്ഞു. ‘എങ്ങോട്ടു പോകുന്നു രാവിലെ തന്നെ. തന്റെ കൂട്ടുകാരനുണ്ടല്ലോ പീറ്റർ കളീക്കൻ, അവന്റെ ഫോൺ നോക്കിയപ്പോ അതിൽ താൻ ഇന്നലെ വിളിച്ച കോൾ റെക്കോർഡ് കിടക്കുന്നു. നീ നിന്റെ മറ്റവളേം കൂട്ടി ട്രെയിൻ കേറി ഗുജറാത്തിലോട്ടു പോവാണെന്ന് അവനോടു വിളിച്ചു പറഞ്ഞപ്പോഴെ എനിക്കു മനസ്സിലായി നീ ഫ്ലൈറ്റിലായിരിക്കും പോവുക എന്ന്. ഞാൻ അതും നോക്കി. അപ്പോ ദാ ഗാഥാ കുര്യന്റെ പേരിൽ ലഡാക്കിലോട്ട് ഫ്ലൈറ്റ് ടിക്കറ്റ്. കളീക്കന്റെ ഫോൺ നോക്കി ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ പോകുമ്പോ ആ പെണ്ണിനെ വിമാനം കേറ്റിവിടാനുള്ള പ്ലാൻ. താൻ ഏതു കാലത്താണെടോ, ഇപ്പൊ എല്ലാം ദാ (ഉണ്ണിയുടെ പോക്കറ്റിൽ നിന്നു മൊബൈൽ ഉയർത്തി കാണിച്ചുകൊണ്ട്) ഇതിലൊന്ന് തിരഞ്ഞാ കിട്ടും. ഇതൊന്നും അറിയില്ലേ.’
ഉണ്ണിയുടെ പോക്കറ്റിൽ നിന്നെടുത്ത മൊബൈൽ തലേന്നത്തെ റൂട്ട് മാപ് ചെക്ക് ചെയ്യാൻ പറഞ്ഞു കമ്മിഷണർ അടുത്ത് നിന്ന ഓഫിസർക്കു കൊടുത്തു. വീണ്ടും ഉണ്ണിയെ നോക്കി തുടർന്നു. ‘എയർ പോർട്ടിലും റെയിൽവേ സ്‌റ്റേഷനിലും പൊലീസ് ഉണ്ട്. എന്നാലും നമുക്ക് അവളെ വീട്ടിൽ പോയി പൊക്കാം.
ഫോണിൽ മാപ് ചെക്ക് ചെയ്യുന്ന ഓഫീസറോട്: ‘എന്തായി കിട്ടിയോടോ’.
ഓഫിസർ ‘യെസ് സർ ‘ എന്ന് പറഞ്ഞുകൊണ്ട് മൊബൈൽ കമ്മിഷണറെ കാണിക്കുന്നു. കമ്മിഷണർ ഉണ്ണിയെ നോക്കി പരിഹസിച്ചു ചിരിച്ചു. അവനെ വണ്ടിയിൽ കയറ്റാൻ പൊലീസുകാരോട് ആംഗ്യം കാണിച്ചു. പൊലീസ് ഉണ്ണിയെ പിടിച്ചു ജീപ്പിൽ കയറ്റുമ്പോൾ ജീപ്പിൽ അടികൊണ്ടു വീർത്ത മുഖവുമായി കളീക്കയുണ്ട്. അമ്പരന്നു കൊണ്ട് കളീക്ക ചോദിച്ചു. ‘അങ്ങേരു പറഞ്ഞതായിരുന്നോടെ നിന്റെ പ്ലാൻ. ഞാനെന്ത് നിന്റെ കളിപ്പിള്ളയാ.
ഇതിനിടെ, ഉണ്ണിയെ കാത്തിരുന്ന ഗാഥയുടെ ഫോണിലേക്ക് അപരിചിതമായ നമ്പറിൽ നിന്ന് ഒരു കോൾ എത്തി. സംശയിച്ചെങ്കിലും ഒടുവിൽ ഗാഥ ഫോൺ എടുത്തു.
സ്റ്റെപ് ഷൂവിന്റെ മേധാവിയായ മാരാർ സാർ ആയിരുന്നു വിളിച്ചത്. അദ്ദേഹം പറഞ്ഞു. ‘ഉണ്ണികൃഷ്ണൻ ഇന്നലെ എന്നെ വന്നു കണ്ടിരുന്നു. പുറത്തു ഗാഥയ്ക്കു വേണ്ടി എന്റെ കാർ വെയിറ്റ് ചെയ്യുന്നുണ്ട് അതിൽ കയറിക്കൊള്ളു. തൽക്കാലം മാറിനിൽക്കാനുള്ള സൗകര്യം ഞാൻ ചെയ്തിട്ടുണ്ട്.’ ഇതേ സമയം ഉണ്ണികൃഷ്‌ണന്റെ മാപ് ഫോളോ ചെയ്ത‌് ഗാഥയെ പിടിക്കാൻ ഇറങ്ങിയ കമ്മിഷണറും സംഘവും എത്തിപ്പെട്ടത് ബെംഗളൂരുവിലെ ഷോലെ ഷൂട്ടിങ് ഹിൽടോപ്പിലായിരുന്നു. അന്തം വിട്ടു നിന്ന പീറ്റർ കളീക്കൻ ശബ്ദം താഴ്ത്തി ഉണ്ണിയോട് ചോദിച്ചു . ‘എന്തോന്നടേ ഇതൊക്കെ ‘.
ഉണ്ണി ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു. ‘ഞാൻ ഇന്നലെ എന്റെ ഫോൺ കൊടുത്ത് മാഗി ആന്റിയെ ഇങ്ങോട്ടു വിട്ടു ‘ കമ്മിഷണർ ദേഷ്യത്തിലും അപമാനത്തിലും ഉണ്ണിയെ നോക്കി. ഉണ്ണി അയാളെ നോക്കി പുഞ്ചിരിച്ചു.
കുറച്ചു നാളുകൾക്കു ശേഷം നേപ്പാളിലെ ഒരു കോഫി ഷോപ്പ്. രാത്രിയിൽ ഷോപ്പിലിരുന്ന് ഇൻസ്‌റ്റഗ്രാം നോക്കുകയായിരുന്നു ഗാഥ. തന്റെ മുൻപിൽ കൊണ്ടുവച്ച കപ്പൂച്ചിനോയുടെ ടോപ്പിങ് ആർട്ട് ഫോട്ടോ എടുത്തപ്പോഴാണ് അതിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്.
പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു. കോഫിയിലേക്കു ഒന്നുകൂടി നോക്കി ആ പതയിൽ എഴുതിയത് ശ്രദ്ധിച്ചു വായിച്ചു ‘ Wherever you go,
I am there’. അവൾ ആഹ്ലാദത്തോടെ ചുറ്റും നോക്കിയപ്പോൾ കണ്ടു. കട്ട താടി ഭംഗിയിൽ ക്രോപ് ചെയ്ത‌്, തോൾ ചെരിച്ചു,പുഞ്ചിരിച്ചു നിൽക്കുന്ന തന്റെ ഉണ്ണിയെ. ഓടിപ്പോയി അവനെ കെട്ടിപ്പിടിക്കാൻ അവൾക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
വന്ദനം സിനിമയെക്കുറിച്ചും അതിന്റെ ക്ലൈമാക്സിനെക്കുറിച്ചും പ്രിയദർശൻ പറയുന്നു: ‘‘കാലഘട്ടം മാറുന്നതിനനുസരിച്ച് സിനിമയും മാറും. ഓരോ സിനിമയും അതത് കാലഘട്ടത്തിന് അനുസരിച്ച രീതിയിലാണ് ചെയ്യുന്നത്. ആ കാലഘട്ടത്തിലെ ശരികൾ പിന്നീട് ചിലപ്പോൾ തെറ്റായെന്നു വരാം. തെറ്റ് ശരിയായെന്നു വരാം. എന്നാൽ, ആ മാറ്റങ്ങൾ തിയറ്ററിലെ വിജയത്തെയും പരാജയത്തെയും എത്രകണ്ട് സ്വാധീനിക്കും എന്നു ചോദിച്ചാൽ, ഒരു സിനിമയും മെറിറ്റിനെ മാത്രം അടിസ്ഥാനമാക്കിയാവണമെന്നില്ല തിയറ്ററിൽ വിജയിക്കുന്നത് എന്നു പറയേണ്ടി വരും. ഒന്നിച്ചിറങ്ങിയ സിനിമകളും റിലീസിങ് സമയത്തെ മറ്റു സാഹചര്യങ്ങളും ഒക്കെ പ്രേക്ഷകരെ സ്വാധീനിക്കും. പിന്നീട് ടെലിവിഷനിലൂടെ വീണ്ടും കാണുമ്പോൾ പ്രേക്ഷകർക്ക് മറ്റൊരു ആസ്വാദനം കിട്ടിയേക്കാം. കാരണം, അവിടെ പ്രേക്ഷകർ കുറെക്കൂടി സ്വതന്ത്രരാണ്. മറ്റു ഭൗതിക സാഹചര്യങ്ങൾ ഒന്നും അവിടെ ആസ്വാദനത്തെ ബാധിക്കില്ല. അതുകൊണ്ടാണ് റിലീസിങ് സമയത്ത് ശ്രദ്ധിക്കപ്പെടാതെ പോയ പല സിനിമകളും പിന്നീട് വലിയ ചർച്ചാവിഷയമാകുന്നത്. നേരെ മറിച്ചും സംഭവിക്കാം.
ഞാൻ സംവിധാനം ചെയ്ത വന്ദനം ഇത്തരത്തിൽ ചർച്ചാവിഷയമായ ഒരു സിനിമയാണ്. പുതിയ തലമുറ സോഷ്യൽ മീഡിയയിലും മറ്റും ഈ സിനിമയെപ്പറ്റി ചർച്ച ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ മലയാള മനോരമ ഇങ്ങനെയൊരു മത്സരം നടത്തിയപ്പോൾ പുതിയ തലമുറയുടെ ‘പുത്തൻ ക്ലൈമാക്സ്’ എങ്ങനെയായിരിക്കുമെന്നു ഞാൻ വളരെ ആവേശത്തോടെയാണ് നോക്കിയത്. അവർ എഴുതിയത് വായിക്കുമ്പോൾ അന്ന് ആ സിനിമ ഷൂട്ട് ചെയ്ത കാലത്തെപ്പറ്റി ഓർത്തു. ലാലുവും വേണുച്ചേട്ടനും സോമൻ ചേട്ടനും ജഗദീഷും മുകേഷും ഒക്കെയുള്ള ഷൂട്ടിങ് സെറ്റ് വളരെ രസകരമായിരുന്നു. ഓരോ സീനും അന്ന് വളരെ ആസ്വദിച്ചാണ് ഷൂട്ട് ചെയ്തത്. ‘ചിത്ര’ത്തിന്റെ വിജയത്തിനു ശേഷം അതേ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ കൂടിയായിരുന്നു വന്ദനം. വലിയ ക്യാൻവാസിൽ വലിയ മുതൽമുടക്കിലെടുത്ത സിനിമ. അന്നു തന്നെ അതിന്റെ ക്ലൈമാക്സിനെപ്പറ്റി വിഭിന്ന അഭിപ്രായം ആളുകൾക്കിടയിൽ ഉണ്ടായിരുന്നു. പലരും ആ സിനിമയുടെ ക്ലൈമാക്സ് മാറ്റിയിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യമായിരുന്നേനെ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അന്നു പക്ഷേ അതായിരുന്നു ശരി.
ഈ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് ഏറ്റവും വ്യത്യസ്തമായ ഒരു ക്ലൈമാക്സാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും പറയുന്നതു പോലെ തന്നെ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിൽ ആ സിനിമയുടെ ക്ലൈമാക്സ് മറ്റൊന്നാകുമായിരുന്നില്ലേ എന്ന ചോദ്യം തന്നെയാണ് ഈ എഴുത്തുകാരനും അവതരിപ്പിക്കുന്നത്. എന്നാൽ, മൊബൈൽ ഫോൺ ഉള്ള ഒരു കാലത്താണെങ്കിൽ ഈ സിനിമ തന്നെ മറ്റൊന്നാകുമായിരുന്നു എന്നതാണ് സത്യം. പൊലീസിന് വളരെ എളുപ്പത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വച്ച് ആളുകളെ ട്രാക്ക് ചെയ്യാൻ സാധിക്കും. മൊബൈലിന്റെ ഗുണദോഷ വശങ്ങൾ ഈ ക്ലൈമാക്സിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.
എന്റെ ഒരു സിനിമയെ പലതരത്തിൽ പൊളിച്ചെഴുതിയിരിക്കുന്നത് വായിക്കാൻ പറ്റിയത് വളരെ രസമുള്ള ഒരു കാര്യമായിരുന്നു. ഇത്തരം പൊളിച്ചെഴുത്തുകൾ ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു എക്സർസൈസാണ്. അത് തുടരുക. നിങ്ങളുടെ മനസ്സിൽ ഒരു സിനിമ ഉണ്ടെങ്കിൽ അത് എഴുതുക. വീണ്ടും പൊളിച്ചെഴുതുക. കഠിനാധ്വാനം ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ സിനിമ യാഥാർഥ്യമാക്കുക തന്നെ ചെയ്യാം. കാരണം നമുക്ക് എല്ലാക്കാലത്തും നല്ല എഴുത്തുകാരുടെ കുറവുണ്ട്.’’
Source link