മിഥുൻ ചക്രവർത്തിക്ക് ഫാൽക്കെ അവാർഡ്
ന്യൂഡൽഹി: ഇന്ത്യൻചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് ഇതിഹാസം മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒക്‌ടോബർ എട്ടിന് 70-ാമത് ദേശീയ ചലച്ചിത്ര അവാർഡുദാന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. ഇക്കൊല്ലം രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
കൊൽക്കത്ത സ്വദേശിയായ മിഥുൻ 1982-ൽ പുറത്തിറങ്ങിയ ഡിസ്കോ ഡാൻസർ എന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. യഥാർത്ഥ പേര് ഗൗരംഗ ചക്രവർത്തി. പ്രശസ്‌ത ബംഗാളി സംവിധായകൻ മൃണാൻ സെന്നിന്റെ മൃഗയ(1976) എന്ന അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. തഹാദർ കഥ (1992), സ്വാമി വിവേകാനന്ദൻ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചു. ബംഗാളി, ഹിന്ദി, ഒറിയ, ഭോജ്‌പുരി, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലെ 350 സിനിമകളിൽ അഭിനയിച്ചു.
സിനിമയിൽ വരും മുൻപ് നക്‌സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച മിഥുൻ 2014ൽ തൃണമൂൽ കോൺഗ്രസിലൂടെ രാജ്യസഭാംഗമായി. 2016ൽ തൃണമൂലിൽ നിന്ന് രാജിവച്ചു. 2021ൽ ബി.ജെ.പിയിൽ ചേർന്നു. നടി യോഗീത ബാലിയാണ് ഭാര്യ. മക്കൾ: മഹാക്ഷയ് (മിമോ), ഉഷ്മി, നമാഷി, ദിഷാനി (ദത്തുപുത്രി ).
Source link