KERALAM

മുകേഷ് എംഎൽഎ പുറത്ത്: സിനിമാ നയസമിതി പുനഃസംഘടിപ്പിച്ചു: അംഗ സംഖ്യ പത്തിൽ നിന്ന് ഏഴാക്കി

തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതി പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. പത്തംഗങ്ങളുള്ള സമിതിയിലെ അംഗസംഖ്യ ഏഴാക്കി ചുരുക്കി. ലൈംഗിക പീഡനപരാതിയിൽ പ്രതിയായ മുകേഷ് എംഎൽഎയെ സമിതിയിൽ നിന്ന് ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവരാണ് പുതിയ അംഗങ്ങൾ.

2023 ജൂലായിൽ ആണ് പത്തംഗ സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്. അന്ന് സിനിമയിലെ തിരക്കിന്റെ പേരിൽ നടി മഞ്ജു വാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും സ്വയം ഒഴിവായിരുന്നു. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇവർ സർക്കാരിനെ അറിയിക്കുകയായിരുന്നു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിനെ ഡബ്ല്യുസിസിയും ഫിലിം ചേംബറും വിമർശിച്ചിരുന്നു. തന്നോട് ആലോചിക്കാതെ കമ്മിറ്റി അംഗമാക്കിയത് ശരിയല്ലെന്ന് സംവിധായകൻ രാജീവ് രവിയും പറഞ്ഞിരുന്നു.

ഫെഫ്ക പ്രതിനിധിയായ സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ അടുത്തിടെ രാജിവച്ചിരുന്നു. നടിമാരായ പത്മപ്രിയ, നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് അംഗങ്ങൾ. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് അദ്ധ്യക്ഷൻ. സമിതി രൂപീകരിച്ചപ്പോൾ സാംസ്‌കാരിക വകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണിയായിരുന്നു കൺവീനർ. അവർ വിരമിച്ചതിനാൽ സമിതിയിൽ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കൺവീനറാകും.


Source link

Related Articles

Back to top button