മുന്നൂറ്റിനങ്ക പുറപ്പെട്ടു; ഇന്ന് ഉടവാൾ കൈമാറ്റം

നാഗർകോവിൽ: അനന്തപുരിയുടെ നവരാത്രി പൂജയ്ക്കായി മുന്നൂറ്റിനങ്ക ദേവി വിഗ്രഹവുമായി ശുചീന്ദ്രം ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. ഇന്നലെ വൈകിട്ട് കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിയ മുന്നൂറ്റി നങ്കാ ദേവി ഇന്നു രാവിലെ തേവാരക്കെട്ട് ക്ഷേത്രത്തിനു മുന്നിൽ എത്തും. പുലർച്ചെ നാലുമണിയോടെ കുമാരകോവിലിൽ നിന്ന് വേളിമല കുമാരസ്വാമി പത്മനാഭപുരത്തേക്ക് എഴുന്നള്ളും. പത്മനാഭപുരം കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുന്നൂറ്റിനങ്കദേവിയും വേളിമല കുമാര സ്വാമിയും, പത്മനാഭപുരത്തെ തേവാരക്കെട്ട് സരസ്വതീ ദേവിയും അനന്തപുരിയിലേക്ക് ഘോഷയാത്രയായി പുറപ്പെടും.
ഇന്നലെ രാവിലെ 7ന് ശുചീന്ദ്രം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്. ക്ഷേത്രത്തിനു പുറത്ത് കേരള, തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എൽ.എമാരായ എം.ആർ ഗാന്ധി, ദളവായ് സുന്ദരം, കന്യാകുമാരി ജില്ല പൊലീസ് മേധാവി സുന്ദരവദനം, നാഗർകോവിൽ എ.എസ്.പി ലളിത് കുമാർ എന്നിവർ പങ്കെടുത്തു.
ഇന്നു രാവിലെ 7.30നും 8നും മദ്ധ്യേ പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്കമാളികയിൽ നടക്കുന്ന ഉടവാൾ കൈമാറ്റത്തിനു ശേഷമാണ് നവരാത്രി വിഗ്രഹ ഘോഷയാത്ര ആരംഭിക്കുന്നത്. മന്ത്രിമാരായ വി.എൻ.വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ 3 ന് വൈകിട്ട് ഘോഷയാത്ര കിഴക്കേകോട്ടയിൽ എത്തും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിൽ തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേൽപ് നൽകും.
വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും പൂജയ്ക്കിരുത്തും. നവരാത്രി ആഘോഷം വിജയദശമി ദിനമായ ഒക്ടോബർ 13ന് സമാപിക്കും.
Source link