KERALAM

ഇടിവെട്ടിൽ ‘ബെൽജിയം വീരൻ’ വിറച്ചോടി,​ മിന്നൽ തെരച്ചിലിൽ കസ്റ്റഡിയിൽ

കൊച്ചി: ഇടിവെട്ടിൽ കിടുകിടാ വിറച്ച് കളമശേരിയിലെ എ.ആർ. ക്യാമ്പിലെ കെന്നലിൽ നിന്ന് പുറത്തേയ്ക്ക് ഓടിപ്പോയ കൊച്ചി സിറ്റി പൊലീസിലെ എക്സ്‌പ്ലോസീവ് സ്‌നിഫർ ഡോഗ് അർജുനെ 15 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിന് സമീപത്തെ ഓഫീസ് കോമ്പൗണ്ടിൽ കണ്ടെത്തുമ്പോൾ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. പരിശീലകൻ എൽദോയെ കണ്ടതോടെ അർജുൻ ഓടി അടുത്തേയ്ക്ക് വന്നു. സ്‌ക്വാഡിന്റെ ജീപ്പിൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കാലുകളിലൊന്നിൽ മുറിവുണ്ടെങ്കിലും സാരമുള്ളതല്ല.

മിന്നൽ തെരച്ചിലിൽ ‘ബെൽജിയം വീരൻ’ കസ്റ്റഡിയിൽ !

മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ബെൽജിയം മാലിനോയിസ് ഇനമായ അർജുൻ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. അന്നുമുതൽ എൽദോയും മറ്റൊരു പരിശീലകനായ ഹരികൃഷ്ണനുമാണ് അർജുന്റെ ആശാന്മാർ. പാവത്താനെങ്കിലും ദൗത്യത്തിൽ കാർക്കശ്യക്കാരനായിരുന്നു അർജുൻ. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ മൂത്രമൊഴിക്കാൻ അർജുനെ കൂടിന് പുറത്തേയ്ക്ക് ഇറക്കിയപ്പോഴായിരുന്നു സംഭവം. മൂത്രസംബന്ധമായ രോഗമുള്ളതിനാൽ അർജുന് ധാരാളം വെള്ളം നൽകണം. വെള്ളംകുടി കൂടുതലായതിനാൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കലും പതിവാണ്. മൂത്രം ഒഴിക്കാനുള്ള പ്രവണത കാട്ടിയോടെ പുറത്തിറക്കി. പെരുമഴയ്ക്കൊപ്പം ഇടിവെട്ടിയപ്പോൾ പേടിച്ച് ബലംപിടിച്ചു, ചങ്ങലയുടെ കൊളുത്ത് പൊട്ടി. പുറത്തേയ്ക്ക് ഓടുന്നതിനിടെ തെരുവുനായ്ക്കൂട്ടവും അർജുനെ ആക്രമിക്കാൻ എത്തി. ഇതോടെ ഇരുട്ടിലേക്ക് അതിവേഗത്തിൽ ഓടിമറയുകയായിരുന്നു.

” സി.സി.ടിവി ക്യാമറകൾ പരിശോധിച്ചും അർജുന്റെ ചിത്രം റെസിഡന്റ്‌സ് അസോസിയേഷനുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചുമായിരുന്നു തെരച്ചിൽ. ഇടപ്പള്ളി ടോൾ വഴി അർജുൻ ഓടിപ്പോകുന്ന ദൃശ്യംകിട്ടിയതോടെ അന്വേഷണം തൃക്കാക്കരയിൽ കേന്ദ്രീകരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരും തെരച്ചിലിന് സഹായിച്ചു. കളമശേരിയിലെ എ.ആർ ക്യാമ്പിൽ നിന്ന് മൂന്ന് കിലോ മീറ്റർ അകലെയാണ് അർജുനെ കണ്ടെത്തിയ ഓഫീസ്. ഓടിയോടി അ‌ർജുൻ അവശനായിരുന്നു ” ഡോഗ് സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


” അർജുനെ കാണാതായ നിമിഷം മുതൽ ഉള്ളിലൊരു ആധിയായിരുന്നു. രാത്രിയായതും പെരുമഴയും തെരച്ചലിൽ ദുഷ്കരമാക്കി. കണ്ടെത്തുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. പരിക്കുകളൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത് ” എൽദോ

പരിശീലകൻ


Source link

Related Articles

Back to top button