കേരളത്തിൽ ഇനി ബി.ജെ.പി – കോൺഗ്രസ് മത്സരം: ജാവദേക്കർ
കൊച്ചി: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലാകും മത്സരമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ബി.ജെ.പി സംസ്ഥാനതല മെമ്പർഷിപ്പ് കാമ്പെയിൻ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സി.പി.എമ്മിന്റെ അടിത്തറ തകർന്നു. 35 വർഷം തുടർച്ചയായി ഭരിച്ച പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളത്തിലും സി.പി.എം നീങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 40 ലക്ഷത്തോളം വോട്ടുകൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് നേടാനായത് ചെറിയ കാര്യമല്ലെന്നും ജാവദേക്കർ പറഞ്ഞു.
രാഷ്ട്രീയമായോ ധാർമ്മികമായോ നിലനിൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പിണറായി സർക്കാരെന്ന് അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. വഖഫ് ബോർഡ് അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിക്കുന്ന മുനമ്പത്തെ ആളുകൾ നടത്തുന്ന സമരത്തെ ബി.ജെ.പി. പിന്തുണയ്‌ക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ,ബി.ജെ.പി സംസ്ഥാന സഹപ്രഭാരി അപരാജിത സാരംഗി എം.പി,മെമ്പർഷിപ്പ് കാമ്പെയിൻ ഇൻ ചാർജ് പുരന്ദേശ്വരി. എം.പി,കുമ്മനം രാജശേഖരൻ,പി.കെ. കൃഷ്ണദാസ്,എ.എൻ. രാധാകൃഷ്ണൻ,എം.ടി. രമേശ്,സി. കൃഷ്ണകുമാർ,അഡ്വ. പി.സുധീർ,പ്രകാശ് ബാബു,പദ്മജ വേണുഗോപാൽ,പി.സി. ജോർജ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
Source link