KERALAMLATEST NEWS

അൻവറിനൊപ്പം ആരൊക്കെ? ഉപജാപകരെ തേടി പാർട്ടി

തിരുവനന്തപുരം: പി.വി. അൻവറിനെ പ്രതിരോധിക്കാൻ പാർട്ടി അംഗങ്ങളെയും സൈബർ സഖാക്കളെയും രംഗത്തിറക്കുന്നതിൽ സി.പി.എം ഒരു ചുവട് മുന്നിലേക്ക് വച്ചെങ്കിലും,അണികൾ അൻവർ പറഞ്ഞ കാര്യങ്ങളോട് എന്തു സമീപനം സ്വീകരിക്കുമെന്ന ആശങ്ക ബാക്കിയാണ്. ഒപ്പം സംഘടനാനേതൃത്വത്തിലെ ആരെങ്കിലും അൻവറിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന സംശയവും പാർട്ടിയെ അലട്ടുന്നു. ശശിക്കെതിരായ പരാതി മുഖ്യമന്ത്രി തള്ളിയെങ്കിലും പാർട്ടി അന്വേഷിക്കുന്നുണ്ടെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ

പറ‌ഞ്ഞത് വെറുതെയുള്ള കമന്റായിരുന്നോ? അതോ പാർട്ടിയുടെ സംഘടനാസംവിധാനം ഉപയോഗിച്ച് എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോയെന്ന് വ്യക്തമല്ല.

പി.ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്ന് അൻവർ ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പറഞ്ഞതോടെ ഫലത്തിൽ ഒരന്വേഷണവുമില്ലെന്ന സന്ദേശമാണ് നൽകിയത്. മുഖ്യമന്ത്രിയുടേത് ഭരണപരമായ നിലപാടാണെന്ന് നിസാരവത്കരിക്കാമെന്നല്ലാതെ അതുക്കും മേലെ ഒരു അന്വേഷണത്തിന് പാർട്ടി സെക്രട്ടറി മുതിരുമോയെന്നാണ് കാണേണ്ടത്. സാധാരണഗതിയിൽ പാർട്ടി അന്വേഷണമെന്നു പറഞ്ഞാൽ രണ്ടോ മൂന്നോ അംഗങ്ങളെ നിയോഗിച്ചുള്ള അന്വേഷണമാണ്. അതരത്തിൽ ഒരന്വേഷണവും പാർട്ടി ഇനിയും പുറത്ത് പറഞ്ഞിട്ടില്ല. അൻവറിനൊപ്പമുള്ള ഉപജാപകരെ കണ്ടെത്തണമെന്നത് മോഹം മാത്രമാകുമോ എന്നാണ് അറിയേണ്ടത്.

മുഖ്യമന്ത്രിക്കെതിരെ അൻവർ ആഞ്ഞടിച്ചപ്പോൾ പാർട്ടി സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും പ്രതികരിച്ചു. പക്ഷേ പ്രതിരോധത്തിന് ശക്തി പോരായെന്ന ആക്ഷേപം കേട്ടു. ഡോ.തോമസ് ഐസക്കിനെ പോലുള്ളവർ പ്രതികരണം നടത്തിയതായി കണ്ടില്ല. ‘അൻവറിനൊപ്പം” എന്നു പോസ്റ്റിട്ടവരുമുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ രണ്ടുവട്ടം ദുർബ്ബലമായപ്രതികരണം നടത്തിയിരുന്നു. അൻവറിനെ പാർട്ടിയുമായി അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചനേതാവാണ് വിജയരാഘവൻ. അൻവർ അടക്കം യു.ഡി.എഫിനെ പിന്തുണച്ച മുസ്ലിം ബെൽറ്റിൽ നിന്നും പലരെയും പാർട്ടിക്ക് അനുകൂലമായി പുറത്ത് ചാടിക്കുന്നതിൽ വിജയരാഘവനും ഒരു പരിധി വരെ മുൻ സ്പീക്കർ എ. ശ്രീരാമകൃഷ്ണനും വലിയ പങ്ക് വഹിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ നീക്കങ്ങളെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് നേരിട്ടു കാര്യങ്ങൾ നയിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ സി.പി.എമ്മിനു അനുകൂലമായി വന്ന ആ ബെൽറ്റ് ചുരുങ്ങുന്ന കാഴ്ചയാണിപ്പോൾ.

മലപ്പുറത്തെ കോട്ടയിൽ മുസ്ലിം ലീഗിനെ വിറപ്പിച്ച കെ.ടി. ജലീലും പാർട്ടിയുമായി രസത്തിലല്ല. ഒക്ടോബർ രണ്ടിന് ജലീലിന്റെ ആത്മകഥയുടെ പ്രകാശനമാണ്. അന്ന് മലപ്പുറത്തെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരെ കാണുന്നുണ്ട്. പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി മത്സരത്തിനില്ലെന്നും ജലീൽ തീരുമാനിച്ചു കഴിഞ്ഞു. ചില കാര്യങ്ങൾ തുറന്നു പറയുമെന്നും അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുമുണ്ട്. പൊലീസിനെതിരെ ആകും അതെന്ന് കരുതുന്നവരുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ

മലബാറിലേറ്റ തിരിച്ചടി സി.പി.എമ്മിനെ അങ്കലാപ്പിലാക്കിയെങ്കിൽ ഇപ്പോൾ അൻവർ തുറന്ന പോർമുഖം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർട്ടി വിട്ട കെ.ആർ. ഗൗരി അമ്മയോ,എം.വി. രാഘവനോ ആയി ഒരു താരതമ്യം പോലും അൻവറിനില്ല. പക്ഷേ അന്ന് സി.പി.എം സംഘടനാസംവിധാനം അതിശക്തമായിരുന്നു. പാർട്ടി ഭരണത്തിനെതിരെയോ പാർട്ടിക്കെതിരെയോ ഇന്നത്തെപ്പോലെ ആരോപണങ്ങളും ഉയർന്നിരുന്നില്ല.


Source link

Related Articles

Back to top button