മന്ത്രി മാറ്റം: ചാക്കോയ്‌ക്കെതിരെ കുറ്റാരോപണവുമായി ശശീന്ദ്രൻ
കോഴിക്കോട്: എൻ.സി.പി മന്ത്രിമാറ്റത്തിനുള്ള ചർച്ച സജീവമായിരിക്കെ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയ്‌ക്കെതിരെ കുറ്റാരോപണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. പാർട്ടി അച്ചടക്കം ലംഘിക്കുന്ന പ്രസ്താവനകളാണ് പി.സി.ചാക്കോ നടത്തിയതെന്നും മന്ത്രിസ്ഥാനത്തിൽ കടിച്ചുതൂങ്ങുന്ന നേതാവല്ല താനെന്നും ശശീന്ദ്രൻ പറഞ്ഞു. മന്ത്രി സ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റാൻ തീരുമാനിച്ചെന്ന ചാക്കോയുടെ പ്രസ്താവനയാണ് ശശീന്ദ്രനെ പ്രകോപിതനാക്കിയത്.
”മന്ത്രി സ്ഥാനം മാറുന്നതിൽ ഒരു വേദിയിലും എതിർപ്പ് പങ്കുവച്ചിട്ടില്ല. നാടുമുഴുവൻ പാർട്ടിയുടെ അഞ്ചുവർഷത്തെ മന്ത്രി ശശീന്ദ്രനാണെന്ന് പറഞ്ഞത് സംസ്ഥാന അദ്ധ്യക്ഷനാണ്.””- കേരളകൗമുദിയോട് ശശീന്ദ്രൻ പറഞ്ഞു.
അഖിലേന്ത്യ പ്രസിഡന്റ് ശരത്പവാറുമായി നടത്തിയ ചർച്ചയിലും താൻ മാറില്ലെന്ന് പറഞ്ഞിട്ടില്ല. ശരത് പവാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേരളത്തിലെ പാർട്ടി പ്രസിഡന്റും രണ്ട് എം.എൽ.എമാരും മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്. അതിനിടെയാണ് ശശീന്ദ്രനെ മാറ്റിയെന്ന തരത്തിൽ പി.സി.ചാക്കോ പ്രസ്താവന നടത്തിയത്. സെപ്തംബർ 20നാണ് മുംബെയിൽ ശരത്പവാറിന്റെ നേതൃത്വത്തിൽ കേരള നേതാക്കളുടെ യോഗം ചേർന്നത്. പാർട്ടി പ്രസിഡന്റ് പി.സി.ചാക്കോയും തോമസ് കെ.തോമസും താനും പങ്കെടുത്തു. യോഗത്തിൽ പ്രധാനമായി ഉയർന്ന ആവശ്യമായിരുന്നു തോമസ് കെ.തോമസിന് ഒരവസരം നൽകുക എന്നത്. അതിൽ ഒരു എതിർപ്പും താൻ പ്രകടിപ്പിച്ചില്ല. ഇതുസംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രിയുമായി താനും പാർട്ടി പ്രസിഡന്റും സംസാരിച്ചതും മുഖ്യമന്ത്രി ചില ആശങ്കകൾ പങ്കുവച്ചതും രണ്ടുപേരും യോഗത്തിൽ ഉന്നയിച്ചു. അപ്പോഴാണ് ശരത് പവാർ മൂന്നാം തീയതി മൂവരും മുഖ്യമന്ത്രിയെക്കണ്ട് മന്ത്രിമാറ്റം അവതരിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ തീരുമാനം തന്നെ അറിയിക്കണമെന്നും നിർദ്ദേശിച്ചത്. ആവശ്യം വന്നാൽ സി.പി.എം കേന്ദ്ര നേതൃത്വവുമായി സംസാരിക്കുമെന്നും അതിനുശേഷം മന്ത്രിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനിടെയാണ് ചാക്കോ സ്വന്തം നിലയിൽ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്ന പ്രസ്താവന നടത്തിയത്. അത് പാർട്ടി നേതാക്കളുമായോ എക്‌സിക്യുട്ടീവ് കമ്മിറ്റികളുമായോ ആലോചിച്ചിട്ടില്ല. പാർട്ടി അഖിലേന്ത്യ നേതൃത്വം ഒരു തീരുമാനമെടുത്താൽ അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. എന്നാൽ, കേരളത്തിൽ പാർട്ടി നേതാക്കളും അണികളുമെല്ലാം നോക്കുകുത്തികളാവുന്ന സ്ഥിതിയാണ്. എല്ലാം ഒറ്റയ്ക്ക് തീരുമാനിച്ചാൽ പാർട്ടി വേണമെന്നില്ല, പാർട്ടി നിർദ്ദേശിച്ചത് പ്രകാരമാണ് മന്ത്രിയായത്. പാർട്ടി പറഞ്ഞാൽ മാറാൻ തടസവുമില്ല. പക്ഷേ, അത് കേന്ദ്രനേതൃത്വം പറഞ്ഞതിൻപ്രകാരം അവണമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലം തൊട്ടേ മന്ത്രിയാണ് ഇപ്പോൾ വനം മന്ത്രിയായ എ.കെ.ശശീന്ദ്രൻ.
Source link