കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു താത്കാലിക ചുമതല സി.പി.എം ഭരണസമിതിക്ക്
തിരുവനന്തപുരം: കോൺഗ്രസ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. താത്കാലിക ഭരണസമിതിക്ക് സർക്കാർ ചുമതല കൈമാറി. സി.പി.എം അംഗങ്ങളുൾപ്പെട്ട ഈ ഭരണസമിതി ചുമതലയേറ്റു. 28ന് നടന്ന വാർഷിക പൊതുയോഗത്തിൽ ബഡ്ജറ്റ് പാസാക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അഡ്വ. സി.കെ. ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതി പിരിച്ചുവിട്ടത്.
നിലവിലുള്ള ഡയറക്ടർ ബോർഡിലെ സർക്കാർ നോമിനികളായ മാവേലിക്കരയിൽ നിന്നുള്ള ജി. ഹരിശങ്കർ, പീരുമേടിൽ നിന്നുള്ള തിലകൻ, തളിപ്പറമ്പിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗമായ കരുണാകരൻ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ഉച്ചയ്ക്ക് 2.15ഓടെ ചുമതലയേറ്റത്. നിലവിലുള്ള പ്രസിഡന്റിനോ ഓഫീസിനോ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പുതിയ സംവിധാനം നിലവിൽ വന്നത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പ്രസിഡന്റ് ഷാജിമോഹൻ പറഞ്ഞു. ഇതു സംബന്ധിച്ച് ഉത്തരവുണ്ടെങ്കിൽ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർക്ക് അദ്ദേഹം കത്ത് നൽകി. കഴിഞ്ഞ വാർഷിക പൊതുയോഗം ആരംഭിപ്പോൾ ചില ബാങ്ക് പ്രതിനിധികൾ പല വിധത്തിലുള്ള തടസ്സവാദവുമായി എഴുന്നേറ്റതോടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന കാര്യങ്ങൾ പരിഗണിക്കാനായിരുന്നില്ല.
കാർഷികവായ്പ മുടങ്ങി
വരുന്ന സാമ്പത്തികവർഷം 3,500 കോടി രൂപയുടെ കാർഷികവായ്പ വിതരണം ചെയ്യാൻ ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നു. പൊതുയോഗത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ അത് നടപ്പാക്കാനായില്ല. പലിശ 10 ശതമാനത്തിൽ താഴെയാണ് കണക്കാക്കിയിരുന്നത്. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പ എഴുത്തിത്തള്ളാൻ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരം നേടാനായില്ല. 1,05,66,128 രൂപയുടെ വായ്പ എഴുത്തിത്തള്ളാനുള്ള നടപടികളാണ് ഇതോടെ സ്തംഭിച്ചത്.
”പൊതുയോഗത്തിൽ ഭൂരിപക്ഷമില്ലെന്ന് കാട്ടിയുള്ള പിരിച്ചുവിടൽ അംഗീകരിക്കാനാവില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പിരിച്ചുവിടൽ ചൂണ്ടിക്കാട്ടി അറിയിപ്പ് നൽകാത്തത് നിയമനടപടി വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
-അഡ്വ. സി.കെ. ഷാജി മോഹൻ
Source link