അൻവറിനെ വലം ചുറ്റി രാഷ്ട്രീയ കേരളം

#എഴുതിത്തള്ളുമ്പോഴും സി.പി.എമ്മിന് ഉൾക്കിടിലം
#അൻവറിന് പരവതാനി വിരിക്കാൻ യു.ഡി.എഫ്
തിരുവനന്തപുരം: പൊതു യോഗങ്ങളിലെ വൻ ജനക്കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകരില്ലെന്ന് അണികളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴും അൻവറിന്റെ തുടർനീക്കങ്ങളിൽ ഉൾക്കിടിലവുമായി സി.പി.എം പാർട്ടിയും. ഇടതു മുന്നണിയുമായുള്ള ബന്ധം മുറിച്ചെറിഞ്ഞ് നിരന്തരം വെല്ലുവിളി ഉയർത്തുന്ന അൻവറിനെ സ്വന്തം കൂടാരത്തിലേക്ക് പരോക്ഷമായി ക്ഷണിച്ച് കോൺഗ്രസും മുസ്ലിം ലീഗും. സ്വയം തീപ്പന്തമായി മാറുമെന്ന പ്രഖ്യാപനവുമായി മുന്നേറുന്ന അൻവറിനെ ചുറ്റി വലം വയ്ക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ.
സ്വന്തം തട്ടകമായ നിലമ്പൂരിൽ ഞായറാഴ്ച നടത്തിയ ആദ്യ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രിയെയും,പാർട്ടിയെയും വെല്ലുവിളിച്ച അൻവർ ഇന്നലെ രണ്ടാമത്തെ പൊതുയോഗത്തിന്കോഴിക്കോട്ടെ മുതലക്കുളം വേദിയാക്കിയതും കരുതിക്കൂട്ടിയാണ്. റിയൽ എസ്റ്റേറ്റ് ബിസിസുകാരനായ മാമിയെന്ന ആട്ടൂർ മുഹമ്മദിന്റെ തിരോധാനക്കേസ് മുക്കിയതിന് പിന്നിൽ എ.ഡി.ജി.പി അജിത് കുമാറാണെന്ന അൻവറിന്റെ ആരോപണം മലബാറിൽ വിഷയം വീണ്ടും ആളിക്കത്തിച്ചു.അൻവറിനോടുള്ള സ്നേഹ വായ്പുമായാണ് യോഗത്തിൽ മാമിയുടെ ബന്ധുക്കൾ ഉൾപ്പെടെ എത്തിയത്.മറ്റ് ജില്ലകളിലും യോഗങ്ങൾ നടത്തുമെന്ന് പറയുന്ന അൻവർ,സി.പി.എം ഇനിയും വെല്ലുവിളിച്ചാൽ മലബാറിലെ 25 പഞ്ചായത്തുകളിലെ ഇടതു ഭരണം വീഴ്ത്തുമെന്ന ഭീഷണിയും മുഴക്കുന്നു.
വീണ്ടും പ്രകോപനമായി
മുഖ്യമന്ത്രിയുടെ മറുപടി
വിദേശത്ത് നിന്ന് മലപ്പുറത്തെത്തുന്ന ഹവാല പണവും കള്ളക്കടത്ത് സ്വർണവും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും,അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്നും ഡൽഹിയിൽ ഇംഗ്ലീഷ് പത്രവുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം അൻവറിനെയും,മുസ്ലീം ലീഗിനെയും പ്രകോപിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ തലയ്ക്ക് വെളിവില്ലെന്ന് അൻവർ പരിഹസിച്ചപ്പോൾ,മലപ്പുറത്തെയാകെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ ആക്ഷേപം.
അങ്കലാപ്പ് മറയ്ക്കാൻ
സി.പി.എം നേതാക്കൾ
അൻവർ നിലമ്പൂരിൽ നടത്തിയ പൊതുയോഗത്തിലെ ജനക്കൂട്ടം സൃഷ്ടിച്ച അങ്കലാപ്പ് മറയ്ക്കാനുള്ള
വ്യഗ്രതയിലായിരുന്നു ഇന്നലെ മുതിർന്ന സി.പി.എം. നേതാക്കൾ.കമ്മ്യൂണിസ്റ്റുകാരാരും യോഗത്തിന് പോയില്ലെന്ന് പാർട്ടി പി.ബി.അംഗം എ.വിജയരാഘവനും,രാഷ്ട്രീയ പ്രസംഗം കേൾക്കാൻ ആളുകൾ കൂടുക സ്വാഭാവികമാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും സമാധാനിച്ചു.അപ്പോഴും രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുത്തവരിൽ പാർട്ടി അംഗങ്ങളും അനുഭാവികളുമുണ്ടാവാനുള്ള സാദ്ധ്യത ആശങ്കയുയർത്തുന്നു. പാർട്ടി തള്ളിപ്പറഞ്ഞിട്ടും ഇടത് സൈബർ ഇടങ്ങളിൽ അൻവറിന് പിന്തുണയേറുന്നു.അൻവർ അനുകൂല വികാരം ആലപ്പുഴയിലെ ചില പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലും അലയടിച്ചു.അൻവറിന്റെ യോഗത്തിലെ ആൾക്കൂട്ടത്തപ്പറ്റി പഠിക്കണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമർശവും ആപത്ത് മണത്ത് സി.പി.എമ്മിനുള്ള മുന്നറിയിപ്പാണ്.
ചൂണ്ടയുമായി
യു.ഡി.എഫ്
നാലിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അൻവർ ബോംബ് ആയുധമാക്കാൻ തയാറെടുക്കുന്ന യു.ഡി.എഫ്,സഭയിലും പുറത്തും ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ്. സ്വതന്ത്രാംഗത്തെ തത്കാലം മുന്നണിയുടെ ഭാഗമാക്കാനാവില്ലെങ്കിലും സി.പി.എമ്മിനെതിരെ ചട്ടുകമാക്കാം.മുന്നണിയിലെടുക്കുന്ന കാര്യം പരസ്പരം ആലോചിച്ച് തീരുമാനിക്കുമെന്ന്
ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു.അൻവർ തെറ്റ്
തിരുത്തി വന്നാൽ ഒപ്പം ചേർക്കാമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം.
Source link