പൂരം കലക്കൽ : ക്രൈംബ്രാഞ്ച്, ജുഡിഷ്യൽ അന്വേഷണം പരിഗണനയിൽ
തിരുവനന്തപുരം: അനാവശ്യ നിയന്ത്രണങ്ങളേർപ്പെടുത്തി തൃശൂർ പൂരം പൊലീസ് കലക്കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച്, ജുഡിഷ്യൽ അന്വേഷണങ്ങളിലൊന്ന് സർക്കാർ പരിഗണിക്കുന്നു. ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാനുമിടയുണ്ട്. ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നൽകിയ റിപ്പോർട്ട് തള്ളിയ ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ്, ഗൂഢാലോചനയിലടക്കം വിശദമായ തുടരന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. സി.പി.ഐയും അന്വേഷണമാവശ്യപ്പെടുന്നു. പ്രതിപക്ഷം ജുഡിഷ്യൽ അന്വേഷണവും തൃശൂരിലെ ദേവസ്വങ്ങൾ സി.ബി.ഐ അന്വേഷണവുമാണ് ആവശ്യപ്പെടുന്നത്.
പൂരംകലക്കൽ രാഷ്ട്രീയ വിവാദമായി വളരുകയും ഒക്ടോബർ നാലിന് നിയമസഭ സമ്മേളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്വേഷണം സർക്കാർ പരിഗണിക്കുന്നത്. ആഭ്യന്തര അഡി. ചീഫ്സെക്രട്ടറിയും ഇക്കാര്യം ശുപാർശ ചെയ്യുമെന്നറിയുന്നു.
സിറ്റിപൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോക് തയ്യാറാക്കിയ സുരക്ഷാ പദ്ധതി തള്ളിക്കളഞ്ഞ എ.ഡി.ജി.പിയാണ് കടുത്തനിയന്ത്രണങ്ങൾ നടപ്പാക്കിയതെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. മൂന്നുദിവസം മുൻപേ തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി പൂരദിവസം വെളുപ്പിന് ഒരുമണിക്കുശേഷം ഫോൺ ഓഫ് ചെയ്ത് പൊലീസ് അക്കാഡമിയിലെ ഗസ്റ്റ്ഹൗസിൽ വിശ്രമിക്കാൻപോയി. പ്രശ്നങ്ങളുണ്ടായിട്ടും ഇടപെട്ടില്ല. അങ്കിത് അശോകനെയാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. ഐ.ജി, ഡി.ഐ.ജി എന്നിവരുടെ വീഴ്ചകൾ റിപ്പോർട്ടിലില്ല. സ്വയം വെള്ളപൂശിയാണ് എ.ഡി.ജി.പി റിപ്പോർട്ട് നൽകിയത്. പൊലീസിന്റെ വീഴ്ചകൾ കണ്ടെത്താനാണ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയത്. എന്നാൽ വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളത്.
അജിത്തിന്റെ വീഴ്ചകൾ അവഗണിക്കാനാവില്ല
സ്ഥലത്തുണ്ടായിട്ടും പ്രശ്നങ്ങളിൽ ഇടപെടാതിരുന്നതടക്കം എ.ഡി.ജി.പി അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ചും അന്വേഷണമുണ്ടാവും.
മന്ത്രിമാർക്കുപോലും വിളിക്കാൻ കഴിയാത്തതരത്തിൽ മൊബൈൽ ഓഫ് ചെയ്ത് എ.ഡി.ജി.പി പോയതിലെ ദുരൂഹത.
ബാരിക്കേഡ് വച്ച് ജനങ്ങളെ തടഞ്ഞതും വെടിക്കെട്ട് വൈകിപ്പിച്ചതും ആനയ്ക്ക് തീറ്റപോലും അനുവദിക്കാതിരുന്നതും ആരുടെ തീരുമാനമെന്ന് അന്വേഷിക്കും
പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കും പൊലീസിന്റെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടതും അന്വേഷിക്കും.
പൂരത്തിന് ആറുദിവസം മുൻപ് പൊലീസ് അക്കാഡമിയിൽ എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമ്മിഷണർ എന്നിവരുടെ യോഗത്തിലെ തീരുമാനങ്ങളും അറിയണം.
Source link