തുടക്കത്തിൽ നക്സലൈറ്റ്, സിനിമയിൽ റെക്കോർഡ് നേട്ടം, വിവാദ പ്രണയങ്ങൾ; സിനിമയെ വെല്ലും മിഥുൻ ചക്രവർത്തിയുടെ ജീവിതം


ഒരു കാലഘട്ടത്തില്‍ ബോളിവുഡിലെ യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. അത് ഇന്ത്യ ഒട്ടാകെ വ്യാപരിക്കാനും അധികസമയം വേണ്ടി വന്നില്ല. അന്ന് താരറാണിയും സ്വപ്നസുന്ദരിയുമായിരുന്ന ശ്രീദേവിയുടെ പോലും മനംകവര്‍ന്ന നടന്‍. വിവാഹിതനും പിതാവുമായ മിഥുനും ശ്രീദേവിയും അക്കാലത്ത് ഏറെക്കാലം ഡേറ്റിങ്ങിലായിരുന്നു എന്നത് പരസ്യമായ രഹസ്യം. ഇതര ബോളിവുഡ് നായകന്‍മാരില്‍ നിന്ന് പല തലങ്ങളില്‍ വ്യത്യസ്തനായിരുന്നു മിഥുന്‍. മറ്റ് പലരും ആടാനും പാടാനും തോക്കെടുക്കാനും മാത്രമുളള നായകന്‍മാരായി പരിമിതപ്പെട്ടപ്പോള്‍ മൃണാള്‍സെന്‍ ഉള്‍പ്പെടെ സമാന്തര സിനിമയിലെ തലയെടുപ്പുളള പലരുടെയും സിനിമകളില്‍ സഹകരിക്കുക വഴി മിഥുന്‍ സമാനതകളില്ലത്ത നടനായി അംഗീകരിക്കപ്പെട്ടു. മൂന്ന് തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. 
തിളങ്ങിയത് ഹിന്ദി സിനിമയിലാണെങ്കിലും മിഥുന്‍ പശ്ചിമബംഗാള്‍ സ്വദേശിയായിരുന്നു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് മിഥുന്‍ തന്റെ കലാജീവിതം ആരംഭിക്കുന്നത്. 

1976ല്‍ മൃണാള്‍സെന്‍ സംവിധാനം ചെയ്ത മൃഗയ എന്ന ഫീച്ചര്‍ ഫിലിമിലൂടെ സിനിമയിലും എത്തി. ആ സിനിമ മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.  കന്നിചിത്രത്തിലൂടെ ഭരത് അവാര്‍ഡ് സ്വന്തമാക്കിയ മിഥുന്‍ പിന്നീട് 1993 ലും (ചിത്രം : തഹദേ കഥ) 1996 ലും (ചിത്രം: സ്വാമി വിവേകാനന്ദ) ദേശീയ തലത്തില്‍ മികച്ച നടനായി. മൂന്ന് തവണ ഈ പുരസ്‌കാരം സ്വന്തമാക്കിയ  ബോളിവുഡ് നടനാണ് മിഥുന്‍.

ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ജനിച്ച മിഥുന്‍ രസതന്ത്രത്തില്‍ ബിരുദമെടുത്ത ശേഷം പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. അവിടെ ഫാക്കല്‍റ്റിയായിരുന്ന മൃണാള്‍സെന്നുമായുളള പരിചയം സിനിമാ പ്രവേശം എളുപ്പമാക്കി. സിനിമയിലേക്ക് വരും മുന്‍പുളള ഘട്ടത്തില്‍ അദ്ദേഹം കടുത്ത നക്‌സലൈറ്റായിരുന്നു. പലപ്പോഴും ഒളിജീവിതം നയിച്ചിട്ടുമുണ്ട്. എന്നാല്‍ ഏക സഹോദരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതോടെ മിഥുന്റെ മനസ് മാറി. കുടുംബത്തിന് ഇനി താനല്ലാതെ മറ്റാരും തുണയില്ലെന്ന ചിന്ത വേട്ടയാടി. കൂട്ടത്തില്‍ നിന്ന് പൊടുന്നനെ തെന്നി മാറിയ മിഥുന്റെ സാഹചര്യം ഉള്‍ക്കൊളളാന്‍ കൂടെയുളളവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ അദ്ദേഹത്തെ ശത്രുപക്ഷത്ത്  പ്രതിഷ്ഠിച്ചു. അക്കാലത്ത് മിഥുന്റെ ജീവനു പോലും ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു. 

യുവാക്കളുടെ പ്രിയതാരം
ബോളിവുഡില്‍ മിഥുന്റെ പ്രതാപകാലം ആരംഭിക്കുന്നത് എണ്‍പതുകളിലാണ്. അദ്ദേഹത്തിന്റെ അനിതര സാധാരണവും അയത്‌നലളിതവുമായ നൃത്ത ശൈലിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായി. 82ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഗാനം രാജ്യത്താകമാനം തരംഗമായി. ഇന്ത്യയ്ക്കകത്തും പുറത്തും സിനിമ ഹിറ്റായി. സോവിയറ്റ് യൂണിയനില്‍ പോലും ചിത്രം വലിയ ജനപ്രീതി നേടി. 100 കോടി എന്ന മാന്ത്രികസംഖ്യ കടന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയും ഇതാണെന്ന് പറയപ്പെടുന്നു. സുരക്ഷ, സഹാസ്, വര്‍ദാത്, വാണ്ടഡ്, ബോക്‌സര്‍, പ്യാര്‍ ജുക്താ നഹിന്‍, ഗുലാമി, പ്യാരി ബെഹ്‌ന, അവിനാഷ്, ഡാന്‍സ് ഡാന്‍സ്, പ്രേംപതിജ്ഞ, മൂജ്രിം, അഗ്നിപഥ്, രാവണ്‍രാജ്, ജലാദ്  തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ മിഥുന്റെ അവസ്മരണീയമായ പ്രകടനം ചര്‍ച്ച ചെയ്യപ്പെട്ടു. 48 വര്‍ഷം നീണ്ട കരിയറില്‍  നാനൂറോളം സിനിമകളില്‍ അഭിനയിച്ചതായി കണക്കാക്കപ്പെടുന്നു. ഹിന്ദിക്ക്  പുറമെ മാതൃഭാഷയായ ബംഗാളിയിലും മിഥുന്‍ സാന്നിധ്യം അറിയിച്ചു.

ലോബജറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചു
ഷോലെ പോലെ വന്‍ബജറ്റ് സിനിമകള്‍ക്ക് പേര് കേട്ട ഇന്‍ഡസ്ട്രിയായിരുന്നു ബോളിവുഡ്. ചെറിയ ക്യാന്‍വാസിലുളള സിനിമകള്‍ക്ക് പോലും വലിയ മുതല്‍മുടക്ക് വേണ്ടി വരുന്ന അവസ്ഥ. പല സിനിമകളും ബോക്‌സ്ഓഫിസിൽ വീഴുകയും നിര്‍മാതാവിന് കനത്ത ബാധ്യത വരുത്തി വയ്ക്കുകയും ചെയ്തു. മാത്രമല്ല തുടര്‍ച്ചയായ പരാജയങ്ങള്‍ നടന്റെ വിപണിമൂല്യത്തെ ബാധിക്കുകയും ചെയ്തു. ഇതിന് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് മിഥുന്‍ ആലോചിച്ചു. അങ്ങനെ ചെറിയ ബജറ്റില്‍ സിനിമകള്‍ ഒരുക്കാനുളള ഒരു പദ്ധതിക്ക് അദ്ദേഹം രൂപം കൊടുത്തു. ഇതിന്റെ ഗുണം രണ്ടാണ്. ഒന്ന് സിനിമ വലിയ വിജയമായില്ലെങ്കിലും മുടക്കുമുതലും ചെറിയ ലാഭവും കിട്ടും. വന്‍വിജയമായാല്‍ പ്രതീക്ഷിക്കുന്നതിന്റെ പല മടങ്ങ് ലാഭം കിട്ടും. തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസിന് രൂപം കൊടുത്തു. നിര്‍മാണച്ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്  ദക്ഷിണേന്ത്യയിലേക്ക് പറിച്ചു നട്ടത്. ഈ സംരംഭം പില്‍ക്കാലത്ത് ‘മിഥുന്‍സ് ഡ്രീം ഫാക്ടറി’ എന്ന പേരില്‍ അറിയപ്പെട്ടു. ചെറിയ ബജറ്റില്‍ നൂറോളം സിനിമകള്‍ ഇക്കാലയളവില്‍ നിര്‍മിച്ച് മിഥുൻ നായകനായി അഭിനയിച്ചു. അവയില്‍ മഹാഭൂരിപക്ഷവും മിന്നുന്ന വിജയം കൊയ്തു. 
മൂന്ന് പ്രണയം ; രണ്ട് വിവാഹം
സിനിമയില്‍ വന്ന് രണ്ടു വര്‍ഷം തികയും മുന്‍പ് അദ്ദേഹം നടി ഹെലീന ലൂക്കിനെ വിവാഹം കഴിച്ചു. നാല് മാസത്തിനപ്പുറം ആ ബന്ധം നീണ്ടു നിന്നില്ല. 1979ല്‍ ആദ്യവിവാഹം കഴിച്ച മിഥുന്‍ അതേവര്‍ഷം തന്നെ നടി യോഗിതാ ബാലിയെ പുനര്‍വിവാഹം ചെയ്തു. ആ ബന്ധത്തില്‍ നാല് മക്കളും ജനിച്ചു. മിമോ, ഉഷ്മി, നമാഷി എന്നിവരായിരുന്നു മക്കള്‍. ഇളയമകള്‍ എന്ന് അറിയപ്പെടുന്ന ദിഷാനി വാസ്തവത്തില്‍ ദത്തുപുത്രിയാണ്. 

ഈ ദാമ്പത്യം ഊഷ്മളമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഒരു സിനിമാസെറ്റില്‍ വച്ച്  പരിചയപ്പെട്ട ശ്രീദേവിയും മിഥുനും തമ്മില്‍ തീവ്രപ്രണയത്തിലായി. അവര്‍ രഹസ്യമായി വിവാഹം കഴിച്ചു എന്ന അര്‍ത്ഥത്തില്‍ അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതൊരു ഡേറ്റിങ് റിലേഷന്‍ഷിപ്പിന് അപ്പുറം ഒന്നുമായിരുന്നില്ല മിഥുന്. ശ്രീദേവിയാകട്ടെ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. 

വിവാഹബന്ധം ഉപേക്ഷിച്ച് തനിക്കൊപ്പം ഒരു ജീവിതത്തിന് ശ്രീദേവി അദ്ദേഹത്തെ പ്രേരിപ്പിച്ചെങ്കിലും മിഥുന്‍ വഴങ്ങിയില്ല. യോഗിതയും നാല് മക്കളും ഇല്ലാത്ത ഒരു ജീവിതത്തോട് മാനസികമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമാന്തരമായി ഈ ബന്ധവും മൂന്നോട്ട് കൊണ്ടുപോകാം എന്ന അദ്ദേഹത്തിന്റെ വ്യവസ്ഥ ശ്രീദേവിയെ പ്രകോപിപ്പിച്ചു. 
അന്ന് ഏതാണ്ട് വണ്‍വേ ട്രാഫിക് പ്രണയവുമായി ശ്രീദേവിക്ക് പിന്നാലെ ചുറ്റിത്തിരിഞ്ഞ ബോണി കപൂറില്‍ അവര്‍ അനുരക്തയായി. അതോടെ ശ്രീദേവി-മിഥുന്‍ ബന്ധത്തിന് എന്നേക്കുമായി തിരശ്ശീല വീണു.

അംഗീകാരങ്ങളുടെ പെരുമഴ

വ്യക്തിജീവിതത്തില്‍ വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ വിടാതെ പിന്‍തുടർന്നപ്പോഴും മോഹിപ്പിക്കുന്ന കരിയറുമായി മിഥുന്‍ മുന്നേറി. ഒരേ സമയം വിപണനമൂല്യമുളള താരമായും മികച്ച നടനായും തിളങ്ങി. നിര്‍മാതാവ് എന്ന നിലയിലും പൊതുപ്രവര്‍ത്തകനായും ശോഭിച്ചു. നടന്‍, നിര്‍മാതാവ് എന്നീ നിലകളിലെ മികവ് മാനിച്ച് അദ്ദേഹം രാജ്യസഭയിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടു. 2024 ജനുവരിയില്‍ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍  ആദരിച്ചു. മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പുറമെയുളള അംഗീകാരം. ഇപ്പോള്‍ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് പരമോന്നത ബഹുമതിയായ ഫാല്‍ക്കേ അവാര്‍ഡും. അനവധി മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയെടുത്താണ് മുന്‍കാലങ്ങളില്‍ ബോളിവുഡ് സിനിമകള്‍ പൂര്‍ത്തികരിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ എത്ര കഴിവുറ്റ നടനും ഒരു പരിധിയില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഒരു പടം തന്നെ ചിത്രീകരണം അവസാനിക്കാന്‍ കാലങ്ങളെടുക്കും. എന്നാല്‍ 1989ല്‍ 19 സിനിമകളില്‍ അഭിനയിച്ചുകൊണ്ട് മിഥുന്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു. ഈ റിക്കാര്‍ഡ്  പിന്നീട് ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞതുമില്ല. 
മിഥുന്‍ നയിച്ച ‘ഡാന്‍സ് ഇന്ത്യ ഡാന്‍സ്’ എന്ന ടിവി ഷോ ലിംക ബുക് ഓഫ് റിക്കാര്‍ഡ്‌സിനൊപ്പം ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സിലും ഇടം നേടി. 

ജീവകാരുണ്യവും രാഷ്ട്രീയവും
സ്വന്തം സുഖങ്ങള്‍ക്കായി മാത്രം ജീവിക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്ന ജനവിഭാഗത്തെ കരുതുന്ന ബംഗാളി മനസുളള മിഥുന്‍ വേറിട്ട് നിന്നു. സിനിമാ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്‌ന പരിഹാരത്തിനുമായി ഫിലിം സ്റ്റുഡിയോ സെറ്റിങ് ആന്‍ഡ് അലൈഡ് മസ്ദുര്‍ യൂണിയന്‍ സ്ഥാപിച്ച് അതിന്റെ അധ്യക്ഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിച്ച് അവശത അനുഭവിക്കുന്ന കലാകാരന്‍മാരെ സഹായിക്കാനും മുന്നിട്ടിറങ്ങി. 

ഫിലിം പ്രൊഡക്ഷന്‍ കമ്പനിക്ക് പുറയെ ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും അദ്ദേഹത്തിന് സ്ഥാപനങ്ങളുണ്ട്. മൊണാര്‍ക്ക് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ ഉടമയാണ് മിഥുന്‍.

സിനിമയ്ക്കപ്പുറം ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ മോഹിച്ച മിഥുന്‍ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. പ്രാരംഭ ഘട്ടത്തില്‍ കോണ്‍ഗ്രസ് സഹയാത്രികനായിരുന്നു. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച് ബംഗാളില്‍ വലിയ തരംഗം സൃഷ്ടിച്ച കാലം. അന്ന് കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ പ്രണബ് മുഖര്‍ജി ജയിക്കണമെങ്കില്‍ മമതയുടെ പിന്തുണ വേണം. ഇടഞ്ഞു നില്‍ക്കുന്ന മമതയെ മെരുക്കുക അത്ര എളുപ്പമല്ല. ഒടുവില്‍ ഈ ദൗത്യം ബംഗാളിയായ മിഥുന്റെ ചുമലില്‍ വന്നു വീണു. മിഥുന്‍ തന്റെ തന്ത്രപരമായ ഇടപെടലുകളിലൂടെ മമതയെ വശത്താക്കിയെന്ന് മാത്രമല്ല പ്രണബ് മുഖര്‍ജിക്ക് അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഈ അടുപ്പത്തിന്റെ ഭാഗമായി മമത അദ്ദേഹത്തിന് രാജ്യസഭാംഗത്വവും നല്‍കി. 
കാലാന്തരത്തില്‍ കോണ്‍ഗ്രസിന് പഴയ പ്രഭാവം നഷ്ടപ്പെട്ടതോടെ മിഥുന്‍ കളംമാറ്റി ചവുട്ടി. 2021ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 
2024 ല്‍ പത്മഭൂഷന്‍ ബഹുമതിയുടെ നിറവില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പക്ഷാഘാതം സ്ഥിരികരിച്ചെങ്കിലും മിഥുന്‍ അതിനെയെല്ലാം അതിജീവിച്ചു. അദ്ദേഹത്തിന്റെ ജീവിതം അധികരിച്ച് ഒന്‍പതോളം പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. നിരവധി രാജ്യാന്തര കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മിഥുന്‍.
80 കളില്‍ പാനാസോണിക്കിന്റെയും ഗോഡാഡിയുടെയും പില്‍ക്കാലത്ത് മണപ്പുറം ഫൈനാന്‍സിന്റെ വരെ അംബാസിഡറായി അദ്ദേഹം. 

വിജയത്തിന്റെ സഹയാത്രികനായിരിക്കുമ്പോഴും ചില അപചയങ്ങള്‍ മിഥുനെ പിന്തുടര്‍ന്നിരുന്നു. ഇടക്കിടെ താളം തെറ്റുന്ന വ്യക്തിജീവിതത്തിനൊപ്പം കരിയറിലും ചില ഏറ്റക്കുറച്ചിലുകളുണ്ടായി. ഒരു കാലത്ത് ബോളിവുഡിലെ കമേഴ്‌സ്യല്‍ സിനിമയില്‍ നമ്പര്‍ വണ്‍ ആയി ജ്വലിച്ചു നിന്ന മിഥുന്‍, മാര്‍ക്കറ്റ് അല്‍പ്പമൊന്ന് ഇടിഞ്ഞപ്പോള്‍ തന്റെ വ്യക്തിപ്രഭാവം മറന്ന് ചിലവ് കുറഞ്ഞ ഗുണനിലവാരമില്ലാത്ത സിനിമകളിലേക്ക് എടുത്തു ചാടി. ഗുണപരതയേക്കാള്‍ എണ്ണപ്പെരുക്കത്തെ സ്‌നേഹിച്ച അദ്ദേഹം പ്രതിവര്‍ഷം 19 സിനിമകളില്‍ വരെ നായകനായി റിക്കാര്‍ഡിട്ടെങ്കിലൂം നടന്‍ എന്ന നിലയില്‍ സ്വന്തം ഗ്രാഫ് കുത്തനെ താഴ്ന്നു. അതുവരെ സമാഹരിച്ച യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു പല സിനിമകളും.
ഇത് തിരിച്ചറിയാന്‍ വികാരജീവിയായ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാലപ്രവാഹത്തില്‍ തന്റെ പഴയ തലയെടുപ്പ് നഷ്ടമാകുന്നുവെന്ന് തോന്നിത്തുടങ്ങിയ ഘട്ടത്തിലാവാം അദ്ദേഹം പൊതുരംഗത്തേക്ക് പതിയെ ചുവടു മാറ്റിയത്. അവിടെയും ചക്രവര്‍ത്തിയായി തന്നെ വിരാജിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞെങ്കിലും രാജ്യസഭാംഗത്വത്തിനപ്പുറം ആ വളര്‍ച്ച മുന്നോട്ട് പോയില്ല.
ഇപ്പോള്‍ സിനിമയില്‍ ഒരു കലാകാരന് ലഭിക്കാവുന്ന അത്യുന്നത ബഹുമതി അദ്ദേഹം സ്വന്തമാക്കുമ്പോള്‍ അതിന് പിന്നിലും രാഷ്ട്രീയം മണക്കുന്നവരുണ്ടാകാം. എന്നാലും ഇന്ത്യന്‍ സിനിമയ്ക്ക് മിഥുന്‍ ചക്രവര്‍ത്തിയുടെ സംഭാവനകള്‍ അത്ര എളുപ്പത്തില്‍ എഴുതി തളളാവുന്നതല്ലെന്ന് ചലച്ചിത്ര പ്രേമികള്‍ക്കറിയാം.


Source link
Exit mobile version