പ്രവാസി മലയാളികൾക്കായി കേരളം സ്വീകരിക്കുന്ന പദ്ധതികൾ: പഠിക്കാൻ തമിഴ്നാട് സംഘം കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട്ട്സിന്റെ പദ്ധതികളും സേവനങ്ങളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകൾ കണ്ടെത്തുന്നതിനുമായി തമിഴ്നാട് പ്രവാസി ക്ഷേമ ബോർഡ് കമ്മിഷണർ ബി. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള നാല് അംഗ പ്രതിനിധി സംഘം തിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചു. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി എന്നിവരുമായി സംഘം ചർച്ച നടത്തി.

തമിഴ്നാട് പ്രവാസി ക്ഷേമ ബോർഡിനെ പ്രതിനിധീകരിച്ച് ബോർഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയൽ, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നോർക്ക വകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ ഡോ. കെ. വാസുകിയും അജിത് കോളശേരിയും തമിഴ്നാട് സംഘത്തോടു വിശദീകരിച്ചു.


സമഗ്ര വളർച്ചയ്ക്കായി പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. കെ. വാസുകി പറഞ്ഞു. പ്രവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും സംസ്ഥാന സർക്കാരിനു മുൻപാകെ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ലോക കേരള സഭ മാറിക്കഴിഞ്ഞെന്നും അവർ പറഞ്ഞു.

മലയാളികൾ പുതിയ സ്ഥലങ്ങളിലേക്ക് ജോലി തേടി ചേക്കേറി തുടങ്ങിയതായി അജിത് കോളശേരി പറഞ്ഞു. പ്രവാസി മലയാളികളുടെ കഴിവും പരിചയവും കേരളത്തിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും തൊഴിൽ അവസരം ഒരുക്കുന്നതിനായി നിക്ഷേപം ആകർഷിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വരുന്ന മലയാളികൾക്കായി നിരവധി സംരംഭക, ക്ഷേമ പദ്ധതികൾ നോർക്ക മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കുന്നതിനും ചർച്ചയിൽ ധാരണയായി. നോർക്ക പ്രോജക്ട് മാനേജർ ഫിറോസ് ഷാ, അസിസ്റ്റന്റ് കവിപ്രിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Source link
Exit mobile version