ലൈംഗിക പീഡനക്കേസ്; തിരുവനന്തപുരം എസ്‌ഐടിക്ക് മുൻപാകെ ഹാജരാകാൻ സിദ്ദിഖ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് റിപ്പോർട്ട്. താമസിയാതെ തന്നെ സിദ്ദിഖ് ഹാജരാകുമെന്ന് നടന്റെ അഭിഭാഷകനാണ് അറിയിച്ചത്. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിനുശേഷമായിരിക്കും ഇതിൽ തീരുമാനമെടുക്കുകയെന്നും അഭിഭാഷകൻ പറഞ്ഞു. തിരുവനന്തപുരം എസ് ഐ ടിക്ക് മുൻപാകെയാവും സിദ്ദിഖ് ഹാജരാകുകയെന്നാണ് വിവരം.
ഉപാധികൾ അനുസരിച്ചാണ് സുപ്രീം കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
വിചാരണ കോടതി മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾക്ക് ബാധകമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ കാലതാമസമുണ്ടായത് കണക്കിലെടുത്താണ് കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനം എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. കേസിൽ കക്ഷിചേരാൻ ശ്രമിച്ചവരെ കോടതി ശാസിച്ചു. ഇവർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരും നടിയും സിദ്ദിഖിന്റെ ആവശ്യത്തെ ശക്തമായി എതിർത്തെങ്കിലും ഹർജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. സിദ്ദിഖ് മലയാളത്തിലെ സൂപ്പർ താരമാണെന്നതും പരാതിക്കാരിയുമായുള്ള പ്രായ വ്യത്യാസവും അതിജീവിതയുടെ അഭിഭാഷകയും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകയും കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മലയാളത്തിന്റെ അറിയപ്പെടുന്ന നടൻ ഏതുഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും മുകുൾ റോഹ്‌തകി വാദിച്ചു. റോഹ്‌തകിയുടെ വാദത്തെ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക എതിർത്തു.
ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയുടെയും സതീഷ് ചന്ദ്ര ശർമ്മയുടെയും ബെഞ്ചിൽ 62ാമത്തെ കേസായാണ് പരിഗണിച്ചത്. അഡിഷണൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും, വനിതാ അഭിഭാഷകയെ നിയോഗിക്കാമെന്ന നിലപാടിലേക്ക് മാറി. അതിജീവിതയ്ക്കായി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും. തടസഹർജികളാണ് സർക്കാരും അതിജീവിതയും നൽകിയിരിക്കുന്നത്. പായ്ച്ചിറ നവാസ്, അജീഷ് കളത്തിൽ തുടങ്ങിയ പൊതുപ്രവർത്തകരും തടസഹർജി സമർപ്പിച്ചിരുന്നു.
Source link