KERALAMLATEST NEWS

‘നിസ്‌കരിക്കുന്നതിന് ആരും എതിരല്ല, ആക്ഷേപം പച്ചക്കള്ളം’; അൻവർ  തീക്കൊള്ളികൊണ്ട്  തല  ചൊറിയുന്നുവെന്ന് എ കെ ബാലൻ

ന്യൂഡൽഹി: പി വി അൻവർ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അൻവറിനെ പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മതത്തെയും വിശ്വാസത്തേയും ദുരുപയോഗം ചെയ്യുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണെന്നും നിസ്കരിക്കുന്നതിന് ആരും എതിരല്ലെന്നും ബാലൻ പ്രതികരിച്ചു.

‘ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയർത്തുന്നു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിപ്പിക്കുന്നത്. റിപ്പോർട്ട് ഒരു ആഴ്ചയ്ക്കുള്ളിൽ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ. അൻവർ ഉയർത്തിക്കൊണ്ട് വന്ന കാര്യങ്ങളിൽ കേരള ഗവൺമെന്റോ മുഖ്യമന്ത്രിയോ പിൻതിരിഞ്ഞ് നിന്നിട്ടുണ്ടോ? മുഖ്യമന്ത്രി അൻവറിനെ അപമാനിച്ചിട്ടില്ല. അൻവറിന്റെ നീക്കത്തിന് പിന്നിൽ മുൻപ് പറഞ്ഞത് പോലെ ഗൂഢാലോചയുണ്ട്. പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിടയിൽ തകർക്കാനാണ് അൻവർ ശ്രമിക്കുന്നത്.

ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി. തലശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായിയാണ്. പിണറായിയുടെ പ്രതിച്ഛായ തകർക്കുകയെന്നത് യുഡിഎഫിന്റെ ഒരു അജണ്ടയാണ്. ഇതിന് കഴിഞ്ഞ എട്ട് വർഷങ്ങളായി കുറെ പണികൾ നടക്കുന്നുണ്ട്. പക്ഷേ ഇതൊന്നും പിണറായിയെയോ ഇടതുപക്ഷത്തെയോ തകർക്കില്ല. ഇന്നലെ വായിൽ തോന്നിയ ചില കാര്യങ്ങളാണ് സ‌ർക്കാരിനെതിരെ അദ്ദേഹം വിളിച്ചുപറഞ്ഞത്. ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അൻവർ ശ്രമിക്കുന്നത്’,- എ കെ ബാലൻ പറഞ്ഞു.


Source link

Related Articles

Back to top button