KERALAM

ആഞ്ഞടിച്ച് ഇസ്രയേൽ; ലെബനനിൽ 274 മരണം, 300 ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തു, ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം

വിദേശകാര്യ ലേഖിക | Tuesday 24 September, 2024 | 4:32 AM

ടെൽ അവീവ്/ ബെയ്റൂട്ട്: സമ്പൂർണ യുദ്ധത്തിലേക്കെന്ന് സൂചന നൽകി ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ലെബനൻ ചോരക്കളമായി. ഇന്നലെ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ 274 പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്.

300ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ബോംബിട്ട് തകർത്തത്. ലെബനനിലേക്ക് കരമാർഗ്ഗം കടന്നുകയറാനും ഇസ്രയേൽ സൈന്യം സജ്ജമായി നിൽക്കുകയാണ്. ലെബനന്റെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതായി ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു.

ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് സമീപമുള്ള ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി മണിക്കൂറുകൾക്കകമാണ് ആക്രമണം തുടങ്ങിയത്. സുരക്ഷിത മേഖലയിലേക്ക് ഒഴിയാൻ സാവകാശം കിട്ടുംമുമ്പേ യുദ്ധവിമാനങ്ങൾ താഴ്ന്ന് പറന്ന് ആക്രമിച്ചു. ബെയ്റൂട്ടിന് കിഴക്കുള്ള ബെഖാ താഴ്‌വരയും ഉടൻ ആക്രമിക്കും.

ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിന് നേരെ റോക്കറ്റാക്രമണം നടത്തിവരികയാണ് ഹിസ്ബുള്ള. ലെബനനിൽ കഴിഞ്ഞയാഴ്ച ഉണ്ടായ പേജർ,​ വാക്കിടോക്കി കൂട്ടപൊട്ടിത്തെറിക്കുപിന്നാലെ ആക്രമണം ശക്തമാക്കുകയും ചെയ്തു. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.

ഇസ്രയേലിനെതിരെ തുറന്ന യുദ്ധത്തിന് ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല ഉത്തരവിട്ടേക്കും. ആയുധവും പരിശീലനവും നൽകുന്ന ഇറാൻ ഹിസ്ബുള്ളയ്ക്കൊപ്പം ചേർന്നാൽ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധമുഖം തുറക്കും.

ഒഴിയാൻ 80,000 മുന്നറിയിപ്പ്

ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്നറിയിച്ച് അറബി ഭാഷയിൽ 80,000ലേറെ ഓട്ടോമേറ്റഡ് കോളുകളാണ് ഇസ്രയേൽ നൽകിയത്. ഹിസ്ബുള്ള പോസ്റ്റിൽ നിന്ന് ഒരു കിലോമീറ്റർ അകലേക്ക് മാറാൻ നിർദ്ദേശിച്ചു. ലെബനീസ് നമ്പറിൽ നിന്നാണ് കോൾ എത്തിയത്. ടെക്സ്റ്റ് മെസേജുകളും നൽകി.

തുടർച്ചയായ പ്രഹരം

1 ഹിസ്ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് ഇന്നലത്തേത്

2 കഴിഞ്ഞ ചൊവ്വയും ബുധനുമായി പേജർ,​ വാക്കിടോക്കി സ്ഫോടനങ്ങളിൽ 39 മരണം

3 വെള്ളിയാഴ്ച ബെയ്റൂട്ടിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 45 മരണം

4 ഉന്നത കമാൻഡർമാരായ ഇബ്രാഹിം അഖീൽ,​ അഹ്‌മ്മദ് വാഹ്ബി അടക്കം കൊല്ലപ്പെട്ടു

യഹ്യാ കൊല്ലപ്പെട്ടോ ?

ഹമാസ് തലവനും ഗാസ യുദ്ധത്തിന് വഴിതുറന്ന ഒക്ടോബർ 7ലെ കൂട്ടക്കുരുതിയുടെ സൂത്രധാരനുമായ യഹ്യാ സിൻവാർ (61) കൊല്ലപ്പെട്ടോയെന്ന് ഇസ്രയേൽ അന്വേഷണമാരംഭിച്ചു. ശനിയാഴ്ച ഗാസ സിറ്റിയിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂളിൽ ഇസ്രയേൽ ബോംബിട്ടിരുന്നു. കൊല്ലപ്പെട്ട 22 പേരിൽ യഹ്യയും ഉണ്ടെന്നാണ് അഭ്യൂഹം. ഹമാസിന്റെ കമാൻഡ് സെന്ററാണ് സ്കൂൾ .

കൊല്ലപ്പെട്ടതിന്റെ തെളിവൊന്നും ലഭിച്ചില്ലെന്ന് ഇസ്രയേൽ പറഞ്ഞു. ചില മൃതദേഹങ്ങളിൽ നടത്തിയ ഡി.എൻ.എ ടെസ്റ്റ് നെഗറ്റീവാണ്. ഈ മാസം ആദ്യം യഹ്യയുടേത് എന്ന പേരിൽ ഹമാസ് പുറത്തുവിട്ട രണ്ട് കത്തുകൾ മറ്റാരോ തയ്യാറാക്കിയതാണെന്ന് ഇസ്രയേൽ കരുതുന്നു.


Source link

Related Articles

Back to top button