മുളിയിൽനടയിലെ വീട്ടിൽ സ്പന്ദിക്കുന്ന കോടിയേരി വിനോദിനീസ് ഫാമിലി കളക്ടീവ് ഗാലറി ഒരുങ്ങി
കോടിയേരിയുടെ പ്രതിമക്ക് മുന്നിൽ സഹധർമ്മിണി വിനോദിനി
തലശ്ശേരി: കോടിയേരി ബാലകൃഷ്ണനെ നേരിൽ കാണുന്ന അനുഭവം. അദ്ദേഹത്തിന്റെ ഓർമ്മകൾ സ്പന്ദിക്കുന്ന മുളിയിൽനടയിലെ വീട്ടുവളപ്പിലാണ് ജീവിതമുഹൂർത്തങ്ങൾ നിറഞ്ഞ ഈ കാഴ്ച. സി.പി.എം സംസ്ഥാനസെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരിയുടെ ജീവസുറ്റ പ്രതിമയും ഇവിടെ കാണാം.
ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 11.30 ന് കോടിയേരിയുടെ അർദ്ധകായ വെങ്കലപ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.
മ്യൂസിയം സജ്ജീകരിച്ചിട്ടുള്ള വീടിനോട് ചേർന്നുള്ള ഉദ്യാനത്തിലാണ് പ്രതിമ. പ്രമുഖ ശില്പി കണ്ണൂരിലെ മനോജ് കുമാറാണ് പ്രതിമ രൂപപ്പെടുത്തിയത്. വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ‘വിനോദിനീസ് കോടിയേരി ഫാമിലി കളക്ടീവ്’ എന്ന പേരിൽ ഗാലറി ഒരുക്കിയിരിക്കുന്നത്. കുഞ്ഞുന്നാൾ മുതൽ അന്ത്യനിമിഷങ്ങൾ വരെയുള്ള ഇരുന്നൂറോളം ഫോട്ടോകൾ ഗാലറിയിലുണ്ട്.ദേശീയ അന്തർദ്ദേശീയ നേതാക്കളുമായുളള കൂടിക്കാഴ്ചകളുടെ മുഹൂർത്തങ്ങളും കാണാം.
പേനകൾ, ഉപഹാരങ്ങൾ, പോക്കറ്റ് ഡയറികൾ, ലേഖനങ്ങളുടെ കൈയെഴുത്തു പ്രതികൾ, പുസ്തകശേഖരം, കട്ടിലും മെത്തയും, വ്യായാമ ഉപകരണങ്ങൾ, കണ്ണടകൾ, തീൻമേശ, ചെരിപ്പുകൾ എന്നിവയെല്ലാം ഇതിലുണ്ട്. കോടിയേരിയിലെ പാർട്ടി ബ്രാഞ്ച് തൊട്ട് ഡൽഹി എ.കെ.ജി.ഭവൻ വരെയുള്ള പാർട്ടിയിലെ വളർച്ചയുടെ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും കാണാം. കോടിയേരിയുടെ ജീവിതചിത്രം അവതരിപ്പിക്കുന്ന 14 മിനിട്ട് വീഡിയോ പ്രദർശനമാണ് മറ്റൊരു പ്രത്യേകത. ആരെയും ആകർഷിക്കുന്ന പുഞ്ചിരിയും എതിരാളികളെ പോലും നിശബ്ദരാക്കുന്ന ഗംഭീരമായ പ്രസംഗവുമെല്ലാം മിനി തിയേറ്ററിൽ അനുഭവിച്ചറിയാം.
സഖാവിന്റെ നിത്യസാന്നിദ്ധ്യം വേണമെന്ന ആഗ്രഹമാണ് പ്രതിമ സ്ഥാപിക്കുന്നതിന് പ്രേരണയായത്.
-വിനോദിനി ബാലകൃഷ്ണൻ(കോടിയേരിയുടെ പത്നി)
Source link