എമ്പുരാൻ കഴിഞ്ഞ് ഹൃദയപൂ‌ർവ്വം

ബറോസിന്റെ റിലീസ് ക്രിസ്മസിന് അല്ലെങ്കിൽ പുതുവർഷത്തിൽ

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഡിസംബറിൽ പൂനെയിൽ ചിത്രീകരണം ആരംഭിക്കും. കൊച്ചിയാണ് ഹൃദയപൂർവ്വത്തിന്റെ മറ്റൊരു ലൊക്കേഷൻ. ഗുജറാത്തിലെ രാജ്ഘോട്ടിൽ എമ്പുരാന്റെ ലൊക്കേഷനിലാണ് മോഹൻലാൽ. ഗുജറാത്ത് ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം തരുൺ മൂർത്തിയുടെ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. രണ്ടാഴ്ച കൊണ്ട് മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയാകും. എമ്പുരാന് ദുബായിലും അബുദാബിയിലും ചിത്രീകരണമുണ്ട്. നവംബറിൽ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിമാനമായ ബറോസ് ഡിസംബറിൽ റിലീസ് ചെയ്തേക്കും. ഡിസംബറിൽ ക്രിസ്മസ് റിലീസായി ബറോസ് എത്തിയില്ലെങ്കിൽ പുതുവർഷത്തിലെ റിലീസ് ഉണ്ടാകൂ. പുതുവർഷത്തിൽ ബറോസ് എത്താനാണ് കൂടുതൽ സാദ്ധ്യത. മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പി. തിരക്കഥയും സംഭാഷണവും എഴുതുന്നു. ഒമ്പതു വർഷങ്ങൾക്കുശേഷം എത്തുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രമാണ് ഹൃദയപൂർവ്വം. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലൂടെയാണ് തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിലേക്ക് എത്തുന്നത്. ആശി‌ർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവ്വം നിർമ്മിക്കുന്നത്.


Source link
Exit mobile version