തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന അവിട്ടം തിരുനാൾ ആശുപത്രി (എസ്‌എടി)യിൽ വൈദ്യുതി പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമായി. ജനറേറ്ററുകൾ ഒഴിവാക്കി ഇപ്പോൾ കെഎസ്‌ഇബി വൈദ്യുതി എത്തിച്ചുതുടങ്ങി. ഇതോടെ ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി പൂർണമായും ഒഴിഞ്ഞു. ട്രാൻസ്‌ഫോമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രതിസന്ധി അകറ്റിയത്. ഏറെ പഴക്കമുള്ള ജനറേറ്റർ റീച്ചാർജ് ചെയ്യുന്നതിനിടെ സർക്യൂട്ട് ബ്രേക്കിലുണ്ടായ തകരാറിനെത്തുടർന്നാണ് ഞായറാഴ്‌ച രാത്രി മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്.
7.30ന് ഇരുട്ടിലായ ആശുപത്രിയിൽ വെളിച്ചംവന്നത് രാത്രി 10.23നാണ്. പുറത്ത് നിന്ന് താത്കാലിക ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇത്രയും സമയം ആശുപത്രിക്ക് ഉള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ കുറ്റാക്കൂരിരുട്ടിലായി. ഇതോടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും കടുത്ത പ്രതിഷേധമുയർത്തി.
അതേസമയം നിയോനേറ്റൽ വാർഡും എൻ.ഐ.സി.യുവും അടക്കമുള്ള ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ വൈദ്യുതി തടസമുണ്ടായില്ല. അതിനാൽ വെന്റിലേറ്റർ, ഇൻക്യുബേറ്റർ അടക്കമുള്ള സംവിധാനങ്ങളിൽ പ്രശ്നമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ വിഭാഗത്തിലെ ഐ.സി.യുവിലും പ്രശ്നമുണ്ടായില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.
Source link