KERALAM

അൻവറിനെതിരെ നടപടി കടുപ്പിച്ച് കൂടരഞ്ഞി പഞ്ചായത്തും,​ പിവിആർ നാച്ചുറോ പാർക്കിലെ തടയണ പൊളിക്കാൻ നടപടി തുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചതോടെ സർക്കാരിന്റെയും മുന്നണിയുടെയും പടിക്കുപുറത്തായ പി.വി അൻവറിനെതിരെ നടപടി കടുപ്പിക്കാൻ കൂടരഞ്ഞി പഞ്ചായത്തും. കക്കടംപൊയിലിൽ പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറോ പാർക്കിൽ കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി അൻവർ കെട്ടിയ തടയണ പൊളിക്കാനാണ് പ‍ഞ്ചായത്ത് നടപടി തുടങ്ങിയത്. തടയണ പൊളിക്കാൻ ടെൻഡർ വിളിക്കുന്നതിന് പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. സിപിഎമ്മാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത്.

എട്ട് മാസങ്ങൾക്ക് മുൻപ് തടയണ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും പഞ്ചായത്ത് നടപടിയൊന്നും എടുത്തിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ പെട്ടെന്ന് നടപടി ആരംഭിച്ചത്. ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇന്നലെ അൻവർ രാഷ്‌ട്രീയ വിശദീകരണ യോഗം വിളിച്ചിരുന്നു. തന്റെ മണ്ഡലമായ നിലമ്പൂരിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇന്നലെ അൻവർ വീണ്ടും സർക്കാരിനെ വെല്ലുവിളിച്ചതോടെ ,രാഷ്ട്രീയ രംഗം ഉദ്വേഗ ജനകമായി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി അജിത് കുമാറിനുമെതിരെസ്വർണക്കടത്തിലെ പങ്കാളിത്തം ഉൾപ്പെടെ ആരോപിച്ച അൻവർ, മുഖ്യമന്ത്രിക്കെതിരെ പടവാൾ ഉയർത്തിയത് രണ്ട് ദിവസം മുമ്പാണ്. പിണറായി കെട്ട സൂര്യനാണെന്നും,ആഭ്യന്തര വകുപ്പ് ഭരിക്കാൻ അർഹതയില്ലെന്നും വെടി പൊട്ടിച്ചതോടെ, ഏതു നിമിഷവും അൻവറിനെ പൊലീസ് കേസിൽകുരുക്കാനുള്ള സാദ്ധ്യത തെളിഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടേതടക്കം ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കോട്ടയം കറുകച്ചാലിലെ ഒരു മുൻ കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞ അഞ്ചിന് നൽകിയ പരാതിയിൽ ശനിയാഴ്ച രാത്രി ധൃതിപിടിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.


Source link

Related Articles

Back to top button