ഓണ്‍ലൈനില്‍ ഓഫര്‍ കണ്ട ഉടനെ ഓര്‍ഡര്‍ ചെയ്യുന്ന ശീലമുണ്ടോ? 155 സൈറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ടേ
രാധാകൃഷ്ണന്‍ മാന്നനൂര്‍ | Monday 30 September, 2024 | 12:33 AM
ഒറ്റപ്പാലം: പ്രമുഖ ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് വെബ്സൈറ്റുകളുടെ മറവില്‍ വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ ഒരുക്കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ സൈബര്‍ പൊലീസ് നടപടി തുടങ്ങി. ഇത്തരത്തില്‍ പണം നഷ്ട്മായവരുടെ പരാതികളില്‍ സംസ്ഥാന സൈബര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 155 വ്യാജ വെബ്സൈറ്റുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ഇവ നീക്കം ചെയ്യാനുള്ള നടപടിയും സൈബര്‍ പൊലീസ് ആരംഭിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഇ കോമേഴ്‌സ് കമ്പനികള്‍ സ്മാര്‍ട്ട് ഐ ഫോണ്‍, ലാപ്ടോപ്പ് മുതലായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൈറ്റുകള്‍ മുഖേന വന്‍ വിലക്കുറവില്‍ വില്പന നടത്തി വരുന്നുണ്ട്. ഇത് മറയാക്കിയാണ് വ്യാജന്‍മാരുടെ വിളയാട്ടം.
സാമ്പത്തിക തട്ടിപ്പു വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. ഒറ്റനോട്ടത്തില്‍ കമ്പനികളുടെ യഥാര്‍ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജന്‍മാര്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സൈറ്റുകള്‍ സന്ദര്‍ശിച്ച് ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കി. വിലക്കുറവു വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും കൃത്യമായി പരിശോധിച്ചു മാത്രമേ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് പണം കൈമാറ്റം ചെയ്യാവൂ എന്നാണു പൊലീസിന്റെ നിര്‍ദ്ദേശം.
വെബ്സൈറ്റുകളുടെ ആധികാരികത തിരിച്ചറിയുന്നതിനു വിലാസം സൂക്ഷ്മമായി പരിശോധിക്കണം. എസ്.എം.എസ് വഴിയും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇകൊമേഴ്‌സ് വെബ്സൈറ്റുകളില്‍ പ്രവേശിക്കരുതെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ പരാതി അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറില്‍ പരാതി ലഭിച്ചാല്‍ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നു പൊലീസ് പറയുന്നു.
ഓണ്‍ലൈന്‍ ട്രേഡിംഗ് അതീവ ശ്രദ്ധ വേണം
ഓണ്‍ലൈന്‍ ട്രേഡിംഗ് മറയാക്കി സൈബര്‍ ലോകത്ത് തട്ടിപ്പു സംഘങ്ങള്‍ തേര്‍വാഴ്ച നടത്തുന്നു. ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായി പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങളാണ്. ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസം റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 8.35 ലക്ഷം രൂപയാണു തട്ടിയെടുത്തത്. മകന് വിവാഹാലോചനകള്‍ ക്ഷണിച്ചു റജിസ്റ്റര്‍ ചെയ്തിരുന്ന മാട്രിമോണിയല്‍ വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയവരാണു തട്ടിപ്പിനു പിന്നിലെന്നു പൊലീസ് പറയുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ പേരില്‍ നല്‍കിയിരുന്ന പ്രൊഫൈലിലെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിവാഹ ആലോചന സംബന്ധിച്ചു തുടങ്ങിയ ആശയവിനിമയങ്ങളാണു തട്ടിപ്പില്‍ കലാശിച്ചത്.
ട്രേഡിംഗ് ആപ്പില്‍ പണം നി ക്ഷേപിച്ചാല്‍ മികച്ച ലാഭം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചു കഴിഞ്ഞ 2ന് ആദ്യം 40,000 രൂപ ബാങ്ക് അക്കൗണ്ട് വഴി ഇദ്ദേഹം നല്‍കി. ലാഭവിഹിതം എന്ന നിലയില്‍ അന്നുതന്നെ 6000 രൂപ അക്കൗണ്ടിലേക്കു തിരിച്ചു നിക്ഷേപിച്ച് തട്ടിപ്പുകാര്‍ വിശ്വാസം ഉറപ്പിച്ചു. ഇതിനു പിന്നാലെ 14 വരെയുള്ള ദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി ബാക്കി തുക കൂടി തട്ടിപ്പുകാര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.
മുതലും ലാഭവും ലഭിക്കാതായതോടെ നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതി ജില്ലാ പൊലീസ് മേധാവി മുഖേന ഒറ്റപ്പാലം പൊലീസിനു കൈമാറിയതോടെയാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്ര, നോയിഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പോയതെന്നാണു പൊലീസ് കണ്ടെത്തല്‍.
Source link