അൻവറിന്റെ വീടിന് സുരക്ഷയൊരുക്കി പൊലീസ്
മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ വീടിന് സുരക്ഷയൊരുക്കി പൊലീസ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പൊലീസ് ഇന്നലെ പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചത്. ഈ മാസം 12ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് അൻവർ കത്ത് നൽകിയിരുന്നു. വീടിനും സ്വത്തിനും സംരക്ഷണം വേണമെന്നും തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ വന്ന ഭീഷണിക്കത്തിന്റെ പകർപ്പും നൽകിയിരുന്നു.
24 മണിക്കൂറും പൊലീസ് പിക്കറ്റ് വീടിന് പുറത്ത് വേണമെന്ന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്. എടവണ്ണ സ്റ്റേഷനിലെ ഒരു എസ്.ഐയെയും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ നൽകിയ ഗൺമാൻ സുരക്ഷയ്ക്ക് പുറമേയാണിത്. പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ ഡിവൈ.എസ്.പി നിരീക്ഷിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതിൽ സർക്കാരിനോട് നന്ദിയുണ്ടെന്ന് അൻവർ പറഞ്ഞു.
Source link