‘സ്നാപ്പ്’ വലയിൽ വീണ് കുട്ടികൾ

തിരുവനന്തപുരം: വെറുമൊരു ‘സ്നാപ്പിലൂടെ’ ഭാവിയിലെ രൂപം പ്രവചിക്കും. കണ്ണുകളുടെയും മുടിയുടെയും നിറം മാറ്റും… കൗമാരക്കാരെ വലവിരിക്കാനുള്ള പുതിയ ഫീച്ചറുകൾ അമേരിക്കൻ മെസേജിംഗ് ആപ്പായ സ്നാപ്പിൽ വന്നതോടെ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ. അപരിചിതരിൽ നിന്നുള്ള മെസേജുകൾ വരുന്നതിനാൽ ഇത് രക്ഷിതാക്കളുടെ കണ്ണിലെ കരടാണ്. നിർമ്മിതബുദ്ധി ഉപയോഗിച്ച് ബാല്യത്തിലെ ചിത്രം സൃഷ്ടിക്കുക,സ്റ്റിക്കറുകളുണ്ടാക്കുക എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

‘പഠിച്ചിറങ്ങിയ ഉടൻ ജോലി ലഭിക്കും. ഫോട്ടോയും ബയോഡാറ്റയും അയച്ചാൽ മതി..’സ്നാപ്ചാറ്റിൽ ഹരിയാന സ്വദേശിയായ 17കാരിക്ക് കഴിഞ്ഞാഴ്ച ലഭിച്ച സന്ദേശം ഇങ്ങനെ. ലോകപ്രശസ്ത എം.എൻ.സിയുടെ എച്ച്.ആർ എന്ന പേരിൽ പരിചയപ്പെടുത്തിയ ആൾ വ്യാജനായിരുന്നെന്ന് തിരിച്ചറിഞ്ഞത് ജോലിക്ക് പണം ആവശ്യപ്പെട്ടപ്പോഴാണ്. പ്രണയം നടിച്ച് വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന സംഘങ്ങളുമുണ്ട്.

ഡീപ്ഫേക്ക് ഉപയോഗിച്ച് സംവിധായകരുടെ രൂപം സൃഷ്ടിച്ച് വീഡിയോ ലൈവ്സ്ട്രീം ചെയ്യും. യഥാർത്ഥ അക്കൗണ്ടെന്ന് കരുതി കുട്ടികൾ സന്ദേശമയക്കും.വിനോദങ്ങളും സ്വപ്നങ്ങളും ചോദിച്ചറിയും. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യും.

അതേസമയം,സ്നാപ്ചാറ്റിലെ ഫാമിലി സെന്റർ ഫീച്ചറിലൂടെ കുട്ടികളുടെ സുഹൃത്തുക്കളാരെന്നും ആരോടൊക്കെ സംസാരിക്കുന്നുണ്ടെന്നും രക്ഷിതാക്കൾക്ക് കണ്ടെത്താനാവുമെങ്കിലും മെസേജുകൾ വായിക്കാനാവില്ല.

എന്തും ചെയ്യും

ആപ്പിൽ തുടർച്ചയായി കൂട്ടുകാരുമൊത്ത് ചാറ്റ് ചെയ്യാൻ എന്തും ചെയ്യുന്ന കുട്ടികളുണ്ട്. മൂന്നുദിവസം വരെ തുടർച്ചയായി സ്നാപ്പ് അയക്കുന്നതിനെ സ്നാപ്പ്സ്ട്രീക്കെന്ന് പറയുന്നു. വീട്ടുകാർ ഫോൺ പിടിച്ചുവയ്ക്കുന്ന ദിവസങ്ങളിൽ സ്നാപ്പ്സ്ട്രീക്കിനായി സുഹൃത്തുക്കൾക്ക് പാസ്‌വേർഡ് നൽകുന്നവരുമുണ്ട്.

സ്നാപ്പ്ചാറ്റ്

ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിനുള്ള മെസേജിംഗ് ആപ്പ്

ലോകത്താകെ 432 ദശലക്ഷം പ്രതിദിന ഉപഭോക്താക്കൾ

ശ്രദ്ധിക്കേണ്ടത്

 ഗോസ്റ്റ്മോഡ് സംവിധാനം എനേബിൾ ചെയ്യുന്നതിലൂടെ ലൊക്കേഷൻ മറ്റുള്ളവർക്ക് കാണാനാവില്ല.

സംശയം തോന്നുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുക

പാസ്‌വേർഡും സ്വകാര്യവിവരങ്ങളും പങ്കുവയ്ക്കരുത്

സൈബർ ഹെല്പ്ലൈൻനമ്പർ 1930


Source link
Exit mobile version