തിരുവനന്തപുരം: ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമായും ആർ.എസ്.എസ് എല്ലാകാലത്തും സംവദിച്ചിരുന്നെന്നും അതിൽ അസ്വാഭാവികതയില്ലെന്നും സമ്പർക്ക് പ്രമുഖ് എ.ജയകുമാർ. ഇങ്ങനെ കൂടിക്കാഴ്ച നടത്തിയവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാൽ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും വ്യക്തമാക്കി. എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത് ജയകുമാറിനൊപ്പമായിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ജയകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
കേരളത്തിൽ ആദ്യമായല്ല ഒരു എ.ഡി.ജി.പി ആർ.എസ്.എസ് അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവീസിൽ തുടരുന്ന എത്രയോ ഐ.പി.എസുകാരും ഐ.എ.എസുകാരും എന്തിനേറെ ചീഫ് സെക്രട്ടറിമാർവരെ ആർ.എസ്.എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇതിൽ നിരവധിപേർ ആർ.എസ്.എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ്.
ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ നാടിന്റെ ഉയർച്ചയ്ക്കും നാട്ടുകാരുടെ വളർച്ചയ്ക്കുംവേണ്ടി ആർ.എസ്.എസിന് പങ്കുനിർവഹിക്കാനുള്ള ഭാവാത്മക ചർച്ചകളാണ് നടക്കുക. ഭാവനാസമ്പന്നരും ക്രിയാശേഷിയുള്ളവരുമായ നിസ്വാർത്ഥരായ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും എല്ലാകാലത്തും ആർ.എസ്.എസുമായി സംവദിച്ചിരുന്നു. അത് തുടരും.
പതിനായിരങ്ങളുണ്ടാകും
രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുതിർന്ന അധികാരികളെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും ആശയങ്ങൾ പങ്കിടുന്നതും സംശയങ്ങൾ ദൂരീകരിക്കുന്നതും 1925ൽ ആർ.എസ്.എസ് തുടങ്ങിയകാലം മുതലുള്ള സംവിധാനമാണ്
സംഘത്തിന്റെ സാംസ്കാരിക ജൈത്രയാത്രയിൽ വന്നു കണ്ടവരുടെയും അങ്ങോട്ടുപോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്ര് എടുത്താൽ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, സിവിൽ സർവീസുകാർ തൊട്ട് സാധാരണ മനുഷ്യർവരെ പതിനായിരക്കണക്കിന് ആൾക്കാർ വരും
Source link