കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 151 ആയി. കിഴക്കൻ, മധ്യ നേപ്പാളിലാണു പ്രളയദുരന്തം. ചില മേഖലകളിൽ മിന്നൽപ്രളയം റിപ്പോർട്ട് ചെയ്തു. പ്രളയത്തെത്തുടർന്ന് 51 പേരെ കാണാതായി. നൂറിലേറെ പേർക്കു പരിക്കേറ്റു. കാഠ്മണ്ഡു താഴ്വരയിലാണ് ഏറ്റവുമധികം മരണമുണ്ടായത്. 322 വീടുകളും 16 പാലങ്ങളും തകർന്നു. നാലായിരത്തോളം പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. നാൽപ്പത്തിയഞ്ചു വർഷത്തിനിടെ കാഠ്മണ്ഡു താഴ്വരയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. ധാഡിംഗ് ജില്ലയിൽ ബസ് മണ്ണിടിച്ചിലിൽ അകപ്പെട്ട് ശനിയാഴ്ച 19 പേർ മരിച്ചു. ഭക്താപുരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അഞ്ചു പേർ മരിച്ചു. മക്വാൻപുരിൽ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷന്റെ ട്രെയിനിംഗ് ക്യാന്പിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് ഫുട്ബോൾ താരങ്ങൾ മരിച്ചു.
ചൊവ്വാഴ്ചവരെ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്കു കാരണമായത്. കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞൊഴുകുകയാണ്.
Source link