കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ലളിതജീവിതത്തിലൂടെ നൽകിയ സന്ദേശങ്ങളും പത്രാധിപർ കെ. സുകുമാരൻ അക്ഷരങ്ങളിലൂടെ ആളിപ്പടർത്തിയ ജീവിതദർശനങ്ങളും തമ്മിൽ സമാനതകളേറെയാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പത്രാധിപർ പുരസ്‌കാര സമർപ്പണവും ചോറ്റാനിക്കര ബ്യൂറോ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾക്കായി സംസാരിക്കാനും ചോദ്യംചെയ്യാനുമൊരു പത്രാധിപരും പത്രവുമുണ്ടെന്ന ആത്മവിശ്വാസം അധഃസ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കുമുണ്ടായി. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത ആ ചങ്കൂറ്റം ഇന്നും കാത്തുസൂക്ഷിക്കുന്ന പത്രമാണ് കേരളകൗമുദി. ഭരണം ഏതായാലും അടിസ്ഥാനവർഗത്തിനായി നിലകൊള്ളണമെന്ന വലിയപാഠമാണ് മാദ്ധ്യമപ്രവർത്തകരെ പത്രാധിപർ പഠിപ്പിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദം കേരളകൗമുദി വാർത്തകളിലും എഡിറ്റോറിയലിലും മുഴങ്ങി. ഗുരുദേവ സന്ദേശങ്ങൾ ഉൾക്കൊണ്ട് നവോത്ഥാനത്തിന് കേരളകൗമുദി വഴിയൊരുക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ടി.ജെ. വിനോദ് എം.എൽ.എ, പ്രഭു വാര്യർ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ, മാർക്കറ്റിംഗ് സീനിയർ മാനേജർ വി.കെ. സുഭാഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കുകയും പത്രാധിപരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
കേരളകൗമുദി പുറത്തിറക്കുന്ന പുതിയ പുസ്തകം ‘ആകാശഗംഗ”യുടെ കവർചിത്രത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. മന്ത്രിക്ക് കേരളകൗമുദിയുടെ ഉപഹാരം പ്രഭു വാര്യർ സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
ടി.ജെ. വിനോദ് എം.എൽ.എ, പ്രഭു വാര്യർ, എം.ഡി. അഭിലാഷ്, ടി.കെ. സുനിൽ കുമാർ, വി.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.
Source link