കേരളകൗമുദി സാമൂഹ്യതാത്പര്യങ്ങൾ അവതരിപ്പിക്കുന്ന പത്രം: സജി ചെറിയാൻ

കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ്, മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ, ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ്, ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലപ്ര തുടങ്ങിയവർ സമീപം
മാന്നാർ: വിമർശനങ്ങൾക്കൊപ്പം സാമൂഹ്യതാത്പര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി സജി ചെറിയാൻ. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണവും പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാര സമർപ്പണവും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഇന്നും പത്രാധിപരെന്ന് വിശേഷിപ്പിക്കുന്നത് കെ.സുകുമാരനെയാണ്. കേരളത്തിന്റ സാമൂഹ്യ,സാംസ്കാരിക രംഗങ്ങളിൽ ഒട്ടേറെ സംഭാവനകൾ ചെയ്ത കുടുംബമാണ് അദ്ദേഹത്തിന്റേത്. ഗുരുദേവ ദർശനങ്ങളിൽ ആകൃഷ്ടനായി പിന്നാക്ക അധസ്ഥിത വിഭാഗങ്ങളുടെ നാവായി മാറിയതിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വലിയ പങ്കാണ് പത്രാധിപർക്കുള്ളത്. അടിച്ചമർത്തപ്പെട്ടവിഭാഗങ്ങൾക്കും നവോത്ഥാന ശക്തികൾക്കും ഊർജ്ജവും പ്രകാശവും പകർന്നായിരുന്നു കേരളകൗമുദിയുടെ വളർച്ചെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതം പറഞ്ഞു. യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ,ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ്,ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലപ്ര,മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി,മാന്നാർ അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.
മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക പുരസ്കാരം കേരളകൗമുദി മാന്നാർ ലേഖകൻ ബഷീർ പാലക്കീഴിലിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. കേരളകൗമുദി ഏജന്റുമാരുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മന്ത്രി അനുമോദിച്ചു.
Source link