മലപ്പുറം: ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ച് മുന്നണിക്ക് പുറത്തേക്ക് വന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന യോഗം പുരോഗമിക്കുന്നു. നിലമ്പൂരില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് എംഎല്‍എയുടെ പൊതുയോഗം ആരംഭിച്ചത്. യോഗത്തിന്റെ സ്വാഗത പ്രസംഗം നടത്തിയത് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ്. അന്‍വറിനോട് പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ ക്ഷമിക്കാനോ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനോ കഴിയുന്നതല്ലെന്ന് സ്വാഗത പ്രാസംഗികന്‍ പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് അന്‍വര്‍ സര്‍ക്കാരിനോടും പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടും പറഞ്ഞു. എന്നാല്‍ അതില്‍ നടപടി സ്വീകരിക്കുന്നതിന് പകരം അന്‍വറിനെ ഞെക്കി കൊല്ലാനാണ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിച്ചതെന്ന് ഇ.എ സുകു ആരോപിച്ചു. തന്റെ എംഎല്‍എ ഒരു പരാതി പറഞ്ഞിട്ട് പോലും അത് കേള്‍ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മുന്‍ സിപിഎം നേതാവ് ചോദിച്ചു.
നിലമ്പൂരിലെ ഇടത് മുന്നണി പ്രവര്‍ത്തകരുടെ ആവേശവും അഭിമാനവുമായ അന്‍വറിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ സഖാക്കള്‍ അതിന് അനുവദിക്കില്ലെന്നാണ് സ്വാഗതപ്രസംഗത്തില്‍ മുന്‍ സിപിഎം നേതാവ് അഭിപ്രായപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സിപിഎം നേതാവെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഒരു ആവശ്യത്തിന് എത്തിയാല്‍ രണ്ട് അടി കൂടുതല്‍ കിട്ടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിന്റെ തെളിവുകള്‍ ഇന്നത്തെ രാഷ്ട്രീയ യോഗത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പി.വി അന്‍വര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഖ്യന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍, സിപിഎം നേതൃത്വം എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അന്‍വര്‍ ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് അന്‍വറും പ്രതിരോധിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു.
Source link