പി വി അൻവറിന്റെ വീടിന് 24 മണിക്കൂർ സുരക്ഷ; കാവലിന് നാല് പൊലീസ് ഉദ്യോഗസ്ഥർ, പിക്കറ്റ് പോസ്റ്റ് ഒരുക്കി
മലപ്പുറം: പി വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി അൻവറിന്റെ വീടിന് സമീപത്തായി പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പി വി അൻവർ അപേക്ഷ നൽകിയത്.
എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒതായിയിലാണ് അൻവറിന്റെ വീട്. ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂർ സേവനത്തിനായി നിയമിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഡിഎച്ച്‌ക്യൂവിൽ നിന്നും ഒരു ഓഫീസറും സിപിഒയും നിലമ്പൂർ സബ് സ്റ്റേഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കണം. സ്റ്റേഷൻ നൈറ്റ് പട്രോളിംഗ് ചുമതലയുള്ളവരും സബ് ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലമ്പൂരിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകടനവും നടത്തിയ സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഗോവിന്ദൻ മാഷ് ഒന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിനിടെ ഉയർന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയായിരുന്നു പ്രകടനം നടന്നത്. പ്രകടനത്തിനൊടുവിൽ അൻവറിന്റെ കോലവും കത്തിച്ചിരുന്നു.
എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിനിടെയിലും അൻവറിനെതിരെ കൊലവിളി മുദ്രാവാക്യമുയർന്നു. നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായം എന്ന കൊലവിളി മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധ പ്രകടനം.
Source link