നിയമവിരുദ്ധമായി പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തി; പി വി അൻവറിനെതിരെ കേസെടുത്തു
കോട്ടയം: ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കെെമാറുമെന്നാണ് വിവരം. അൻവറിന്റെ വെളിപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമപ്രകാരമാണ് കേസ്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ കാളുകൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ കടന്നുകയറി ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തുവെന്നും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് പങ്കുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നിയമവിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്ഐആറിലുണ്ട്. പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാക്കുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി ദൃശ്യ മാദ്ധ്യമങ്ങളിലൂടെ ഫോൺ ചോർത്തിയ വിവരങ്ങൾ അൻവർ പുറത്തുവിടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഫോൺ സംഭാഷണത്തിന്റെ പേരിൽ അന്ന് അൻവറിനെതിരെ കേസെടുത്തിരുന്നില്ല. എന്നാൽ എൽഡിഎഫിൽ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് കേസെടുത്തത് എന്നത് ശ്രദ്ധേയമാണ്.
Source link