KERALAM

സിദ്ദിഖിന്റെ മകന്റെ കൂട്ടുകാർ പൊലീസ് കസ്റ്റഡിയിൽ? ആരോപണവുമായി ബന്ധുക്കൾ

കൊച്ചി:ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ 4.15നും 5.15നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ പറയുന്നു.

എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും തിരക്കി വന്നതെന്ന് ബന്ധുക്കൾ പറയുന്നു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ കസ്റ്റഡിക്കെതിരെ ബന്ധുക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം, നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനാണ് തീരുമാനം.

ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവ് കോടതിയെ അറിയിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസും മറ്റ് സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ പരസ്യം നൽകിയത് ഉൾപ്പടെ വിവരങ്ങൾ ധരിപ്പിക്കും. എസ്പി മെറിൻ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഡൽഹിയിലേക്ക് പോകുന്നത്.


Source link

Related Articles

Back to top button