ടെല്‍ അവീവ്/ടെഹ്‌റാന്‍: ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ മേധാവി ഹസന്‍ നസ്രള്ളയ്ക്ക് പിന്നാലെ മറ്റൊരു ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രയേല്‍. ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡറായ ഹസന്‍ ഖലീല്‍ യാസിനെയാണ് തങ്ങള്‍ വകവരുത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) അവകാശപ്പെട്ടു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് യാസിന്‍ കൊല്ലപ്പെട്ടതെന്നും ഐ.ഡി.എഫ്. അറിയിച്ചു. അതേസമയം, ഹിസ്ബുള്ള ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിസ്ബുള്ളയുടെ മിസൈല്‍, ഡ്രോണ്‍ യൂണിറ്റുകളുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് യാസിന്‍ എന്ന് ഐ.ഡി.എഫ്. പറഞ്ഞു. യുദ്ധം തുടങ്ങിയതുമുതല്‍ ജനങ്ങള്‍ക്കും പട്ടാളക്കാര്‍ക്കുമെതിരെ നടന്ന ഭീകരാക്രമണങ്ങളില്‍ ഇദ്ദേഹം വ്യക്തിപരമായി തന്നെ ഭാഗമായിട്ടുണ്ട്. കൂടാതെ, ഇസ്രയേലിനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് യാസിന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഐ.ഡി.എഫ്. പറയുന്നു. ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ള കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഹസന്‍ ഖലീല്‍ യാസിനും കൊല്ലപ്പെട്ടുവെന്ന അവകാശവാദം ഇസ്രയേല്‍ ഉന്നയിച്ചത്.
Source link