പൂരത്തിന് മുമ്പ് 4 പൊലീസ് ഉന്നതരുടെ രഹസ്യ യോഗം, പൂരം കലക്കലുമായി ബന്ധമുണ്ടോ? അന്വേഷിക്കണമെന്ന് ഇന്റലിജൻസ്

തിരുവനന്തപുരം: തൃശൂർ പൂരത്തിന് ആറു ദിവസം മുൻപ്

എ.ഡി.ജി.പിയടക്കം നാല് ഉന്നത പൊലീസുദ്യോഗസ്ഥർ തൃശൂർ പൊലീസ് അക്കാഡമിയിൽ രഹസ്യയോഗം ചേർന്നെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു. ഇതിന് പൂരംകലക്കലുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം സർക്കാരിന് ശുപാർശ നൽകി. പൂരംകലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണിത്.

എ.ഡി.ജി.പിയെ കൂടാതെ, ഐ.ജി, ഡി.ഐ.ജി, പൊലീസ് കമ്മിഷണർ എന്നിവരാണ് യോഗം ചേർന്നത്. പൂരവും പ്രധാനമന്ത്രിയുടെ വരവും കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പൊലീസുദ്യോഗസ്ഥരുടെ യോഗം 5മണിക്കൂർ വൈകിപ്പിച്ചാണ് ഇവർ എട്ടു മണിക്കൂറോളം രഹസ്യയോഗം ചേർന്നത്. ഇതിലാണ് കമ്മിഷണർ തയ്യാറാക്കിയ സുരക്ഷാസ്കീം തള്ളിക്കളഞ്ഞ്, എ.ഡി.ജി.പി മാറ്റത്തിന് നിർദ്ദേശിച്ചത്.

ഏപ്രിൽ 13ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു പൊലീസുദ്യോഗസ്ഥരുടെ യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, തൃശൂർ നഗരത്തിലുണ്ടായിരുന്ന ഇവർ രാവിലെ പത്തരയോടെ എട്ടുകിലോമീറ്റർ അകലെയുള്ള പൊലീസ് അക്കാഡമിയിലെത്തി ഡയറക്ടറുടെ ചുമതലയുള്ള ഡി.ഐ.ജിയുടെ മുറിയിൽ രഹസ്യയോഗം ചേർന്നു. അന്നത്തെ കമ്മിഷണർ അങ്കിത് അശോകൻ പൂരത്തിലെ സുരക്ഷാവീഴ്ചകൾ പരിഹരിക്കാനുള്ള സ്കീം അവതരിപ്പിച്ചു. എന്നാൽ താൻപറയുന്നതുപോലെ അനുസരിച്ചാൽ മതിയെന്ന് എ.ഡി.ജി.പി നിർദ്ദേശിച്ചു.

ജനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ ബാരിക്കേഡുകൾ നിരത്തിയതും, വെടിക്കെട്ട് വൈകിപ്പിച്ചതും, ആനകൾക്ക് തീറ്റ കൊടുക്കുന്നത് തടഞ്ഞതുമടക്കം വീഴ്ചകൾ ഇതുമൂലമുണ്ടായതെന്നാണ് ആക്ഷേപം. വർഷങ്ങളായി പൂരംനടത്തി പരിചയമുള്ള ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥർ ക്രമീകരണങ്ങളിൽ അതൃപ്തിയറിയിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നായിരുന്നു കമ്മിഷണറുടെ മറുപടി.

എ.ഡി.ജി.പി 3ദിവസം

മുമ്പേ തൃശൂരിൽ

പൂരദിവസം താൻ അവധിയിലായിരുന്നെന്നാണ് എ.ഡി.ജി.പി അജിത്കുമാറിന്റെ വാദം.എന്നാൽ മൂന്നുദിവസം മുൻപേ പൊലീസ് അക്കാഡമിയിലെ ഗസ്റ്റ്ഹൗസിൽ താമസിച്ചിരുന്നു

പൂരദിവസം പുലർച്ചെ ഒരുമണിവരെ അദ്ദേഹം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ശേഷം മൊബൈൽ ഓഫായി. പിറ്റേന്ന് മൂകാംബികയിലേക്ക് പോയി

എ.ഡി.ജി.പി സ്ഥലത്തുണ്ടെങ്കിൽ കമ്മിഷണറേക്കാൾ ചുമതല അദ്ദേഹത്തിനാണ്. പ്രശ്നങ്ങളുണ്ടായിട്ടും എ.ഡി.ജി.പി ഇടപെട്ടില്ലെന്നതും ചട്ടലംഘനമാണ്

എ.ഡി.ജി.പി അവധിയിലായിരുന്നെങ്കിൽ പകരം മറ്റൊരു ഉന്നതോദ്യോഗസ്ഥനെ ഡി.ജി.പി ചുമതലപ്പെടുത്തുമായിരുന്നു. അതുണ്ടായില്ല

കമ്മിഷണറുടെ പരിചയക്കുറവും ജനങ്ങളെ അനുനയിപ്പിക്കാതിരുന്നതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന എ.ഡി.ജി.പിയുടെ റിപ്പോർട്ടിന് വിരുദ്ധമാണ് ഈ കാര്യങ്ങൾ


Source link
Exit mobile version