KERALAMLATEST NEWS

എടിഎം കവർച്ചാ സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു, പണം കടത്തിയത് കണ്ടെയ്‌നറിൽ

നാമക്കൽ: തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളിൽ കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ. തമിഴ്‌നാട് നാമക്കലിനടുത്തുനിന്നാണ് കവർച്ചാ സംഘം പിടിയിലായത്. കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികൾ അറസ്റ്റിലായത്. പൊലീസും മോഷ്‌ടാക്കളും തമ്മിൽ വെടിവയ്‌പ്പുണ്ടായി. പൊലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും മോഷ്‌ടാക്കളിലൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

മോഷ്‌ടാക്കളിൽ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്നറിനുള്ളിൽ കാറുമുണ്ട്. തമിഴ്‌നാട് പൊലീസാണ് പ്രതികളെ പിടികൂടിയതെന്നാണ് വിവരം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നീ സ്ഥലങ്ങളിലെ മൂന്ന് എ ടി എമ്മുകളാണ് ഇവർ കൊള്ളയടിച്ചത്. പുലർച്ചെ രണ്ടരയ്‌ക്കും നാലിനുമിടയിലായിരുന്നു സംഭവം.

65 ലക്ഷം രൂപയിലധികം മോഷ്ടാക്കൾ കൊണ്ടുപോയി. കാറിലെത്തിയ സംഘം, ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. ഈ കാറാണ്‌ കണ്ടെയ്‌നർ ലോറിയിൽ നിന്ന്‌ കണ്ടെത്തിയത്. മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രതികൾ മുഖംമൂടി ധരിച്ചിരുന്നു. എ ടി എമ്മുകളിലെ ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ല. പ്രതികൾ ആദ്യം മാപ്രാണത്തെ എ ടി എമ്മാണ് കൊള്ളയടിച്ചത്. ഇവിടെ നിന്ന് 30 ലക്ഷം രൂപ കൊണ്ടുപോയി. തുടർന്ന് കോലഴിയിലെ എ ടി എമ്മിൽ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എ ടി എം തകർത്ത് പത്ത് ലക്ഷത്തോളം രൂപയും കവരുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. കൂടാതെ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തമിഴ്‌നാട് പൊലീസിനെയും വിവരം അറിയിച്ചിരുന്നു.


Source link

Related Articles

Back to top button