KERALAM

സിദ്ദിഖിനെ അന്വേഷിച്ച് ആലുവയിലെ വീട്ടിൽ എത്തിയ പൊലീസിന് പറ്റിയ അമളി

കൊച്ചി: നടിയുടെ പീഡനപരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കാത്തതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിന് വേണ്ടിയുള്ള തെരച്ചിലിലാണ് കേരള പൊലീസ്. എന്നാൽ കഴിഞ്ഞദിവസം സിദ്ദിഖിനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ പൊലീസിന് സംഭവച്ചിതെല്ലാം അബദ്ധങ്ങൾ.

ആലുവ കുട്ടമശേരിയിൽ സിദ്ദിഖിന്റെ വീട്ടിലേക്ക് പൊലീസ് സംഘം എത്തിയത് വേഷം മാറി. ബിഎസ്എൻഎല്ലിന്റെ ബോർഡ് വച്ച ബൊലേറോ വാഹനത്തിലാണ് ആറ് പേർ അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. ബിഎസ്എൻഎൽ ഓഫീസിൽ നിന്നും ഇത്രയധികം ഉദ്യോഗസ്ഥർ എത്തിയത് എന്തിനെന്ന് അവിടെയുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകർ ചോദിച്ചതോടെ സംഘം പതറി.

ഫൈബർ പരിശോധിക്കാൻ വന്നതാണെന്ന് ഉടൻ മറുപടി. പക്ഷേ ഒരു കാര്യം അവർ മറന്നു. കേരള പൊലീസിന്റെ ടാഗ് ഉള്ള ഐഡന്റിറ്റിറ്റി കാർഡ് കയ്യിൽ പിടിച്ചാണ് വാഹനത്തിന് പുറത്തു ഒരു പൊലീസ് ഉദ്യോഗസ്ഥ നിന്നത്. അമളി പുറത്തായതോടെ വാഹനത്തിലെ ബിഎസ്എൻഎൽ ബോർഡ് ഒക്കെ മാറ്റി കാര്യത്തിലേക്ക് വന്നു.

വീട്ടിലേക്കുള്ള ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതിനാൽ പൊലീസുകാർക്ക് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. മതിലു ചാടാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും ട്രോൾ ആകുമെന്ന് ഭയന്ന് പിന്മാറി. മേൽ ഉദ്യോഗസ്ഥനോട് ഫോണിൽ കാര്യങ്ങൾ ധരിപ്പിച്ച ശേഷം സംഘം സ്ഥലം വിട്ടു.

സുപ്രീം കോടതിയിൽ എത്തുന്നത് വമ്പന്മാർ

പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ തീപാറും. എണ്ണം പറഞ്ഞ മുതിർന്ന അഭിഭാഷകരാണ് സിദ്ദിഖിനും, അതിജീവിതയ്ക്കും, സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരാകുന്നത്. അതും രാജ്യത്തെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ വമ്പൻ കക്ഷികൾക്ക് വേണ്ടി വാദിച്ചവർ.


ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ അറസ്റ്റിലായപ്പോൾ ജാമ്യത്തിലിറക്കിയ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന്റെ അഭിഭാഷകൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായത് അദ്ദേഹമാണ്.

സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോൾ സർക്കാരിന് വേണ്ടി അതിനെ എതിർക്കുകയും അനുകൂലവിധി നേടുകയും ചെയ്തത് അഡ്വ. രഞ്ജിത് കുമാറാണ്. ആ കേസിൽ ഏറ്രുമുട്ടിയവർ സിദ്ദിഖ് കേസിലും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.

അതിജീവിത സമീപിച്ചത് സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗിനെയും വൃന്ദ ഗ്രോവറിനെയുമാണ്. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും, മകളുടെ അടക്കം അരുംകൊലകൾ കൺമുന്നിൽ കാണുകയും ചെയ്ത ബിൽക്കിസ് ബാനുവിന് നീതി ഉറപ്പിക്കാൻ ഈ വനിതാ അഭിഭാഷകർ പരമോന്ന കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.


Source link

Related Articles

Back to top button