എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന ഏജൻസികളുമായി ബന്ധം?
തൃശൂർ: തൃശൂരിലെ എ.ടി.എം കവർച്ചക്കാർക്ക് ബാങ്കിൽ പണം നിറയ്ക്കുന്ന ഏജൻസികളുമായി അടുത്ത ബന്ധമുള്ളവരിൽ നിന്ന് സഹായം ലഭിച്ചതായി സംശയം. മാർവാടികൾ നേതൃത്വം നൽകുന്ന സ്വകാര്യ കമ്പനികൾക്കാണ് എസ്.ബി.ഐ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ളതെന്നാണ് വിവരം.
കവർച്ച നടന്ന എ.ടി.എമ്മുകളിലെല്ലാം അടുത്ത ദിവസങ്ങളിലാണ് പണം നിറച്ചത്. ഇരിങ്ങാലക്കുട മാപ്രാണത്ത് രണ്ട് എ.ടി.എമ്മുകളിൽ പണം നിറയ്ക്കേണ്ടതുണ്ടെങ്കിലും ഒന്ന് തകരാറിലായതിനാൽ കഴിഞ്ഞിരുന്നില്ല. ഇരിങ്ങാലക്കുടയിലെ രണ്ട് എസ്.ബി.ഐ എ.ടി.എമ്മുകളിൽ കവർച്ച നടത്താൻ സംഘം തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ ഒന്നിൽ പണം നിറച്ചിരുന്നില്ലെന്ന വിവരം ചോർന്നതായി സംശയമുണ്ട്. പണം നിറയ്ക്കാൻ ചുമതലപ്പെട്ട സംഘമായിരിക്കാം ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മാർവാടി സംഘങ്ങൾ പണം നിറച്ചതിന് ശേഷം ബാങ്ക് അവർക്കത് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയാണ് പതിവ്.
അലാറത്തിലും ദുരൂഹത
കവർച്ചയ്ക്കു ശേഷം ബാങ്കിന്റെ ഹെഡ് ഓഫീസിൽ അലാറം ലഭിച്ച സമയത്തിലെ ഇടവേളയും ദൂരൂഹത ഉയർത്തുന്നു. മാപ്രാണത്ത് കവർച്ച നടന്ന് 22 മിനിറ്റ് കഴിഞ്ഞ് കവർച്ചാ സൂചന ലഭിച്ചു. എന്നാൽ തൃശൂരിലെ എ.ടി.എമ്മിൽ കവർച്ച നടന്ന് അമ്പതാം മിനിറ്റിലാണ് അലാറം ലഭിച്ചത്. കോലഴിയിലെ എ.ടി.എമ്മിൽ നിന്നാകട്ടെ 20 മിനിറ്റ് കഴിഞ്ഞ് അലാറം ലഭിച്ചു. ഈ ഇടവേള എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
കേരള പൊലീസിന്വൻവീഴ്ച; അറിയിച്ചത് ഡെൽഹി പൊലീസ്
ഇരുപത്തിനാലു മണിക്കൂറും പൊലീസ് പട്രോളിംഗുള്ള തൃശൂർ നഗരത്തിലെ നായ്ക്കനാൽ പരിസരത്തെ എ.ടി.എമ്മിലും കവർച്ച നടന്നതിന് പിന്നിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം. ബാങ്കിന്റെ ഹെഡ് ഓഫീസിൽ ലഭിച്ച എ.ടി.എം കവർച്ചാ അലാറത്തെ തുടർന്ന് ഡൽഹി പൊലീസാണ് തൃശൂർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് തൃശൂർ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കടന്നിരുന്നു. തൃശൂരിലെ കവർച്ചാ വിവരമറിഞ്ഞ് വിയ്യൂർ പൊലീസും തൃശൂരിലേക്ക് പുറപ്പെട്ടു. ഈ സമയത്ത് സംഘം വിയ്യൂർ പൊലീസ് പരിധിയിലുള്ള കോലഴി എ.ടി.എമ്മിലും കവർച്ച നടത്തി സ്ഥലം വിടുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനും കൺട്രോൾ റൂമിനും രണ്ട് കിലോമീറ്ററിനുള്ളിലാണ് നായ്ക്കനാൽ എ.ടി.എം. എ.ടി.എമ്മും പരിസരവും പൊലീസ് പട്രോളിംഗ് ഉൾപ്പെടെ ദിവസങ്ങളോളം നിരീക്ഷിച്ചറിഞ്ഞാണ് കവർച്ച ചെയ്തിരിക്കുന്നത്.
തൃശൂർ നഗരത്തിലെ എ.ടി.എം. കവർച്ചയ്ക്കു ശേഷം പത്ത് മിനിറ്റുകൊണ്ട് സംഘം കോലഴിയിലെത്തി. തൃശൂരിൽ കവർച്ചയ്ക്കെടുത്ത ഏതാണ്ട് അതേ സമയം തന്നെയാണ് അവിടെയുമെടുത്തത്.
എ.ടി.എം കവർച്ചയിൽ പരിചയമുള്ള പ്രൊഫഷണൽ സംഘമാണ് പിന്നിലെന്നും കരുതുന്നു.
Source link