രാത്രിയായാൽ കടലിൽ വിവിധ നിറങ്ങളിൽ പ്രകാശം പരക്കുന്നു, പെട്ടുപോകുന്നത് ഇവർ

ശംഖുംമുഖം: കടലിൽപോകുന്ന വള്ളങ്ങളിൽ രാത്രികാലത്ത് എൽ.ഇ.ഡി ലൈറ്റ് വച്ചുള്ള മീൻപിടിത്തം വ്യാപകമാകുന്നതിനെതിരെ പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇങ്ങനെ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളെ ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുത്ത് പിഴചുമത്തി വിട്ടയയ്ക്കാറുണ്ടെങ്കിലും ഈ രീതി തുടരുകയാണെന്നാണ് പരാതി.
വള്ളങ്ങളിൽ വ്യത്യസ്‌ത നിറങ്ങളിൽ ഉപയോഗിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളുടെ പ്രകാശം കടലിലേക്കടിക്കുമ്പോൾ ഉൾക്കടൽ ആവാസ കേന്ദ്രങ്ങളാക്കിയ ഉടുമ്പൻസ്രാവുകൾ ഉൾപ്പെടെയുള്ളവ തീരക്കടലിലേക്ക് ആകർഷിക്കപ്പെടും. ഇവ മടങ്ങിപ്പോകാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുടുങ്ങുന്നു. വലകൾ മുറിച്ചാണ് ഇവയെ കടലിലേക്ക് തിരികെ അയയ്ക്കുന്നത്. വലകൾ മുറിക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടം നേരിടുകയാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഏറെനേരം ലൈറ്റിന്റെ പ്രകാശത്തിൽ നിൽക്കുന്ന മത്സ്യങ്ങൾ പിന്നീട് കടലിന്റെ അടിത്തട്ടിലേക്ക് പോകുന്ന അവസ്ഥയുമുണ്ട്. ഇവ പകൽസമയം കടലിന്റെ മുകൾത്തട്ടിലേക്ക് വരാത്തതുകാരണം പകൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യങ്ങൾ കിട്ടുന്നില്ലെന്നാണ് പരാതി.
Source link