ഫോൺ ചോർത്തൽ ഒതുക്കും, മറുപടി രാജ്ഭവനിലെത്തിയില്ല
തിരുവനന്തപുരം: പി.വി.അൻവർ എം.എൽ.എയും എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ഫോൺ ചോർത്തിയെന്ന ആരോപണങ്ങളിൽ വാസ്തവമില്ലെന്നും അനധികൃത ഫോൺ ചോർത്തൽ നടന്നിട്ടില്ലെന്നും സർക്കാർ ഗവർണറെ അറിയിക്കും. ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ എന്തു നടപടിയെടുത്തെന്ന് ഉടനടി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തുനൽകിയിരുന്നു. മറുപടി പൊലീസ് മേധാവി തയ്യാറാക്കിയെങ്കിലും രാജ്ഭവനിൽ എത്തിച്ചിട്ടില്ല. ഡൽഹിയിലുള്ള ഗവർണർ, സർക്കാരിന്റെ മറുപടി ലഭിച്ചിട്ടുണ്ടോയെന്ന് ഇന്നലെയും രാജ്ഭവൻ ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. ഇല്ലെന്ന് അവർ ഗവർണറെ അറിയിച്ചു. ആരോപണം ഗൗരവമേറിയതാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാൽ അന്വേഷിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. എ.ഡി.ജി.പി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എ.ഡി.ജി.പിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. എന്നാൽ വാട്സ്ആപ്പ് കോൾ മറ്റൊരു ഫോണുപയോഗിച്ച് റെക്കാർഡ് ചെയ്ത് പുറത്തുവിടുകയാണ് അൻവർ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
Source link