കോഴിക്കോട്: കുഞ്ഞ് അയാൻ അച്ഛായെന്ന് വിളിച്ച് വാവിട്ട് കരഞ്ഞു. പലരും ആശ്വാസവാക്കുകളുമായെത്തിയെങ്കിലും അവൻ കരച്ചിൽ നിറുത്തിയില്ല. മൃതദേഹം ചിതയിലേക്കെടുത്തപ്പോഴും കരഞ്ഞുകലങ്ങിയ കുഞ്ഞു കണ്ണുകളോടെ ചുറ്റും നോക്കി പ്രിയപ്പെട്ടവരുടെ തോളിൽ അവൻ കിടന്നു.
സഹോദരിയുടെ വിവാഹനിശ്ചയം നടത്തണം, വീടിന് പെയിന്റടിക്കണം, മകനുമൊത്ത് എല്ലായിടത്തും കറങ്ങണം തുടങ്ങി നൂറുസ്വപ്നങ്ങൾ ബാക്കിയാക്കിയാണ് അർജുന്റെ മടക്കം. ചെറു പ്രായത്തിലേ കുടുംബ ഭാരം തോളിലേറ്റിയ അർജുൻ മുപ്പതാംവയസിൽ തന്റെ എല്ലാ പ്രാരാബ്ധങ്ങളുമിറക്കി മടങ്ങി.
പ്രാരബ്ധങ്ങൾക്കിടയിൽ അവൻ പടുത്തുയർത്തിയ വീടിന്റെ അകത്തളത്തിൽ അവസാനമായി അർജുനെ കിടത്തിയപ്പോൾ ഭാര്യയുടെയും അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടേയും സങ്കടം അണപൊട്ടി. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ തന്റെ പ്രാണനെ കൃഷ്ണപ്രിയയും അവസാനമായി ഒരു നോക്കുകണ്ടു. അനിയത്തിമാരായ അഞ്ജുവും അഭിരാമിയും സങ്കടക്കണ്ണീർ അടക്കി തേങ്ങിക്കരഞ്ഞു.
Source link