ഗാലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ് പടുകുഴിയിൽ. ശ്രീലങ്കയുടെ 602/5 ഡിക്ലയേർഡ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ഇറങ്ങിയ ന്യൂസിലൻഡ് വെറും 88നു പുറത്തായി. തുടർന്ന് ഫോളോ ഓണ്‍ ചെയ്യേണ്ടവന്ന കിവീസ് മൂന്നാംദിനം അവസാനിക്കുന്പോൾ 199/5 എന്ന അവസ്ഥയിലാണ്. അഞ്ചു വിക്കറ്റ് ശേഷിക്കേ 315 റണ്‍സ് പിന്നിലാണ് സന്ദർശകർ. പ്രഭാത് സൂര്യൻ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയും 33 റണ്‍സിനു മൂന്നു വിക്കറ്റ് സ്വന്തമാക്കിയ നിഷാൻ പീരിസുമാണ് ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 88ൽ ഒതുക്കിയത്. ഗാലെയിൽ എട്ടാം തവണയാണ് പ്രഭാത് അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നതെന്നതും ശ്രദ്ധേയം. ടെസ്റ്റിൽ ലങ്കൻ സ്പിന്നറിന്റെ ഒന്‍പതാം അഞ്ചു വിക്കറ്റ് പ്രകടനമാണ്. 51 പന്തിൽ 29 റണ്‍സുമായി പുറത്താകാതെനിന്ന മിച്ചൽ സാന്റ്നറായിരുന്നു കിവീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
വൻ നാണക്കേട് ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത് ലീഡു വഴങ്ങലാണ് ഇന്നലെ ഗാലെയിൽ കണ്ടത്. 514 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡായി കിവീസ് വഴങ്ങി. 2002ൽ പാക്കിസ്ഥാനെതിരേ 570 റണ്‍സ് വഴങ്ങിയതാണ് ഒന്നാം സ്ഥാനത്ത്. രണ്ടുദിനം ശേഷിക്കേ ഇന്നിംഗ്സ് തോൽവി ഒഴിവാക്കുക എന്നതാണ് ന്യൂസിലൻഡിന്റെ ഏക ലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ അതിനുള്ള ശ്രമമാണ് കിവീസ് നടത്തുന്നത്. ഡിവോണ്‍ കോണ്‍വെ(61), കെയ്ൻ വില്യംസണ് (46) എന്നിവർ രണ്ടാം ഇന്നിംഗ്സിൽ പൊരുതി. ടോം ബ്ലണ്ടെൽ (47), ഗ്ലെൻ ഫിലിപ്സ് (32) എന്നിവരാണ് ക്രീസിൽ.
Source link