അങ്കോള (ഉത്തര കർണ്ണാടക): അർജുൻ ഓടിച്ചിരുന്ന ട്രക്കിന്റെ ക്യാബിനിൽ മകന്റെ കളിപ്പാട്ടലോറി. നാവികസേന കണ്ടെടുത്ത ഭാരത് ബെൻസ് ട്രക്കിന്റെ കുഞ്ഞുമാതൃകയായിരുന്നു അത്. ഗംഗാവലി പുഴയിൽ നിന്ന് കരയ്ക്കെത്തിച്ച ട്രക്കിൽ അത് കണ്ടെത്തിയ നിമിഷം ഏല്ലാവരുടെയും കണ്ണ് നനഞ്ഞു.
മകന്റെ സ്നേഹ പ്രതീകമായി അച്ഛൻ സദാ ഒപ്പം കരുതിയ കളിപ്പാട്ടമാണത്. വീട്ടിൽ വരുമ്പോൾ അർജുൻ ആ കളിപ്പാട്ടം മകന് നൽകും. ആഴ്ചകളോളം നീളുന്ന യാത്രയ്ക്ക് പുറപ്പെടുമ്പോൾ അത് സ്റ്റിയറിംഗിന്റെ മുന്നിലായി വയ്‌ക്കും. യാത്രയിലുടനീളം മകനോടുള്ള വാത്സല്യം നിറയും.
സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ലോറി ഉടമ മനാഫും അടക്കമുള്ളവർ ഈ കളിപ്പാട്ടം കണ്ട് പൊട്ടിക്കരഞ്ഞു. അത് കണ്ടുനിന്ന ഡ്രെഡ്‌ജർ ജീവനക്കാരുടെയും തിരച്ചിലിൽ പങ്കെടുത്തവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
അർജുന്റെ രണ്ടു മൊബൈൽ ഫോണുകൾ, വാച്ച്, പുതപ്പ്, വസ്ത്രങ്ങൾ, ചെരുപ്പ്, ബാഗ്, വാഹനത്തിന്റെ രേഖകൾ അടങ്ങിയ ഫയൽ, ലോറിയിൽ കഴിക്കാൻ കരുതിയ ഭക്ഷണം തുടങ്ങിയവയും കണ്ടെത്തി.
ഒരു ഫോൺ ബാഗിലുണ്ടായിരുന്നു. മറ്റേത് പുറത്തുനിന്നാണ് കിട്ടിയത്. വീട് പോലെയാണ് അർജുൻ ട്രക്കിന്റെ ക്യാബിനെ മാറ്റിയിരുന്നത്. രാത്രിയിൽ കള്ളന്മാർ ഗ്ലാസ് തകർത്തും മോഷണം നടത്താറുള്ളതിനാൽ ട്രക്കിൽ ഉറങ്ങുമ്പോൾ ഇവയെല്ലാം ഭദ്രമായി സൂക്ഷിച്ചിരുന്നു. അർജുൻ ഉപയോഗിച്ച സാധനങ്ങളെല്ലാം വീട്ടിൽ എത്തിക്കണമെന്ന് ഭാര്യ കൃഷ്ണപ്രിയ ഷിരൂരിലുള്ള സഹോദരീ ഭർത്താവ് ജിതിനോട് പറഞ്ഞിരുന്നു. ഇനി ഇതെല്ലാം കുടുംബത്തിന് പ്രിയപ്പെട്ടവന്റെ ഓർമ്മകളുടെ കണ്ണീർമുത്തുകൾ.
ഇനി കണ്ണീരുണങ്ങാത്ത ഓർമ്മ
കോഴിക്കോട്: ഏറെ കൊതിച്ച് വളയം തിരിച്ചുണ്ടാക്കിയ വീടിനോട് ചേർന്ന് അർജുന് ഇനി അന്ത്യനിദ്ര. അർജുന്റെ മൃതദേഹം ഡി.എൻ.എ ഫലം വന്നശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഉറ്റവർക്കെന്നും കനലോർമ്മയായി വീടിന് പിന്നിലായാണ് ചിതയൊരുക്കുക. നാടിന്റെ തീരാനോവായി മാറിയ അർജുന് അന്ത്യയാത്രനൽകാൻ വീടും നടും തയ്യാറെടുക്കുകയാണ്. ഡി.എൻ.എ പരിശോധനയ്‌ക്കുശേഷം ഇന്ന് വെെകിട്ടോടെ മൃതദേഹം നാട്ടിലെത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
പുതുതായി പണിത വീട്ടിൽ ജോലിത്തിരക്ക് കാരണം അർജുന് കുറച്ച് നാൾമാത്രമേ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ആ വീടിനു സമീപത്തായാണ് അന്ത്യവിശ്രമം. പ്രതീക്ഷകളെല്ലാം അസ്തമിച്ച്, അർജുന്റെ മൃതശരീരം എത്തുമ്പോൾ സ്നേഹയാത്ര നൽകാൻ കാത്തിരിക്കുകയാണ് വീടും നാടും. കുടുംബത്തെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും വീട്ടിൽ വന്നുകൊണ്ടിരിക്കുന്നു.
ട്രക്കിന്റെ ക്യാബിനിൽ നിന്ന് ലഭിച്ച ഓർമ്മക്കാഴ്ചകളെല്ലാം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ശേഖരിച്ച് ബാഗിലാക്കി. ഓർമ്മകൾക്ക് കൂട്ടായി അതെല്ലാം എത്തിക്കണമെന്ന് കൃഷ്ണപ്രിയ പറഞ്ഞിരുന്നു.
Source link