ആക്രമണം വെള്ളിയാഴ്ച രാത്രി; അറിയിപ്പുണ്ടായത് ഇന്നലെ

ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വ്യോമാക്രമണത്തിൽ വധിച്ച വിവരം ഇസ്രേലി സേന പുറത്തുവിട്ടത് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്. വെള്ളിയാഴ്ച രാത്രി ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് നസറുള്ളയെ ആണെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. നസറുള്ള വധിക്കപ്പെട്ടതായി ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 1.30ന് സ്ഥിരീകരിച്ചു. ലോകത്ത് ഭീതിവിതയ്ക്കാൻ ഇനി നസറുള്ള ഇല്ല എന്നാണ് ഇസ്രേലി സേന അറിയിച്ചത്.
തെക്കൻ ബെയ്റൂട്ടിലെ ദാഹിയേയിൽ ഹിസ്ബുള്ളയുടെ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാർപ്പിടസമുച്ചയത്തിനു താഴെയുള്ള ഭൂഗർഭ കേന്ദ്രത്തിലായിരുന്നു ഹിസ്ബുള്ള ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. നസറുള്ളയ്ക്കൊപ്പം ഹിസ്ബുള്ളയുടെ തെക്കൻ മുന്നണി കമാൻഡർ അലി കരാക്കിയും കൊല്ലപ്പെട്ടു.
Source link