അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ, മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ബംഗളുരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. അഞ്ച് ലക്ഷം രൂപ കുടുംബത്തിന് കർണാടക സർക്കാർ ആശ്വാസ ധനമായി നൽകുമെന്നാണ് പ്രഖ്യാപനം.

ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിക്കുള്ളിലെ മൃതദേഹം അർജുന്റേത് തന്നെയെന്ന് നേരത്തെ ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും,​ വീട് വരെ കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിക്കും. അപകടം നടന്ന സ്ഥലത്ത് ആംബുലൻസ് അഞ്ചു മിനിട്ട് നിറുത്തിയിടും.

കർണാടക പൊലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി കിട്ടിയാൽ കാർവാർ എസ്‌പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

കേരളത്തിലേക്ക് മൃതദേഹവുമായുള്ള യാത്രയ്‌ക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ജില്ലാ അതിർത്തിയിൽ ലോറി ഉടമകളുടെ കൂട്ടായ്‌മ വിലാപ യാത്ര ഒരുക്കും. വീടിന് സമീപത്ത് തന്നെയാണ് ചിത ഒരുക്കുന്നത്. ജൂലായ് 16നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. രാവിലെ 845നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.


Source link
Exit mobile version