എസ്.എഫ്.ഐ മുൻ നേതാവിന്റെ അധിക മാർക്ക് ഗവർണർ വെട്ടി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും എസ്.എഫ്.ഐ മുൻ നേതാവുമായ കെ.ഡയാനക്ക് മാർക്ക് വർദ്ധിപ്പിച്ച കാലിക്കറ്റ് സർവകലാശാല നടപടി ഗവർണർ റദ്ദാക്കി. വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഡയാനക്ക് 2009ലെ എം.എ. പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടു വർഷങ്ങൾക്കുശേഷം 17 മാർക്ക് വർദ്ധിപ്പിച്ച് നൽകുകയായിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ നൽകിയ പരാതിയിലാണ് അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ.ഇ.സതീഷ്, ഡയാന തുടങ്ങിയവരുടെ വാദങ്ങൾ ഗവർണർ കേട്ടിരുന്നു. ഹാജർ 75 ശതമാനത്തിൽ കുറവായതിനാൽ ഹാജരിൽ ഇളവ് നേടി സർവകലാശാലയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡയാന പരീക്ഷയെഴുതിയത്. എട്ടുവർഷം കഴിഞ്ഞ് മാർക്ക് ഇന്റേണൽ മാർക്കായി കൂട്ടിയത് അക്കാഡമിക് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു പരാതി. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ മാർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളുടെ ഹാജർ രേഖകൾ സർവകലാശാല കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജരില്ലാത്തവർക്കും ഹാജരിന്റെ മാർക്ക് നൽകാൻ തീരുമാനിച്ചതെന്നുമുള്ള രജിസ്ട്രാറുടെ വിശദീകരണത്തിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Source link